കൊവിഡ് 19: ചെന്നെയില്‍ നിന്ന് മംഗലാപുരത്തേക്ക് കാല്‍നടയാത്ര ചെയ്തയാളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Update: 2020-05-18 14:46 GMT

പയ്യോളി: കാല്‍നടയായി ചെന്നെയില്‍ നിന്ന് മംഗലാപുരത്തേക്ക് പുറപ്പെട്ട ആളെ കൊവിഡ് പരിശോധനക്കയച്ചു. ഇന്ന് ഉച്ചയോടെ മൂരാട് ഓയില്‍ മില്‍ ബസ്സ് സ്‌റ്റോപ്പില്‍ വിശ്രമിക്കുകയായിരുന്നയാള്‍ നാട്ടുകാരോട് ഭക്ഷണമാവശ്യപ്പെട്ടതോടെയാണ് യാത്രാവിവരം പുറത്തായത്. ടന്‍ തന്നെ നാട്ടുകാര്‍ ആരോഗ്യ പ്രവര്‍ത്തകരേയും പോലിസിനേയും വിവരം അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് 10 ദിവസം മുമ്പ് പുറപ്പെട്ടതാണെന്നും മംഗലാപുരത്തെ ഉള്ളാളില്‍ മല്‍സ്യബന്ധനത്തിന് പോവുകയാണെന്നുമാണ് ഇദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞത്. കൂടെ പലരും ഉണ്ടായിരുന്നെന്നും അവര്‍ യാത്രയിലാണെന്നും ഇയാള്‍ പറഞ്ഞു. യാത്രാപാസ്സുകളോ ഒന്നും കൈവശമില്ല. തെര്‍മല്‍ പരിശോധനക്ക് ശേഷം കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് കൊവിഡ് പരിശോധനക്ക് അയച്ചു.

മുനിസിപ്പല്‍ ചെയര്‍പെഴ്‌സണ്‍ വി ടി ഉഷ, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പ്രജീഷ്, ജിനി, കൗണ്‍സിലര്‍മാരായ കെ എം രാമകൃഷ്ണന്‍, ഉഷ കെ, വത്സല, എന്നിവര്‍ സ്ഥലത്തെത്തി. നാട്ടുകൂട്ടം മാനവസേവ പ്രവര്‍ത്തകന്‍ എം കെ ബാബു, വിജയന്‍ എന്നിവര്‍ ഭക്ഷണവും വെള്ളവും വസ്ത്രവും എത്തിച്ചു നല്‍കി.