കൊവിഡ് 19: ഡൽഹി വിമാനത്താവളത്തിൽ വിദേശത്തു നിന്നെത്തുന്നവർക്ക് സ്വന്തം ചെലവിൽ 7 ദിവസത്തെ ക്വാറന്റീൻ നിർബന്ധം
ന്യൂഡൽഹി: കൊവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ എയർപോർട്ട് അതോറിറ്റി ക്വാറന്റീൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു. പുതിയ മാർഗനിർദേശപ്രകാരം ഡൽഹി വിമാനത്താവളത്തിലെത്തുന്ന യാതക്കാർ സ്വന്തം ചെലവിൽ ഏഴ് ദിവസം ക്വാറന്റീനിലിൽ പോകാമെന്ന ഒരു കരാറിൽ ഒപ്പുവയ്ക്കേണ്ടിവരും.
ഏഴ് ദിവസത്തെ പണം ഈടാക്കി നൽകുന്ന ക്വാറന്റീനു ശേഷം അടുത്ത ഏഴ് ദിവസം വീട്ടിലും ക്വാറന്റീനിൽ കഴിയണം. വിദേശ എംബസികൾ ഇത്തരമൊരു കാരാറിൽ ഒപ്പുവച്ച ശേഷം മാത്രമേ ഇന്ത്യയിലേക്കുള്ള മടക്കയാത്ര അനുവദിക്കുകയുള്ളൂ.
കൂടാതെ, ഡൽഹി-എൻസിആർ മേഖലയിൽ താമസിക്കാൻ ആഗ്രഹിക്കുന്ന അന്തർദ്ദേശീയ യാത്രക്കാർക്ക് വിമാനത്താവളത്തിലെ ആരോഗ്യ ഉദ്യോഗസ്ഥരുടെ പ്രാഥമിക സ്ക്രീനിംഗ് ഉൾപ്പെടെ നിർബന്ധിത ആരോഗ്യ പരിശോധന നടത്തേണ്ടിവരും. തുടർന്ന് ഡൽഹി സർക്കാരിന്റെ പരിശോധനയ്ക്കും വിധേയമാകണം. അതിനു ശേഷം മാത്രമേ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് പോകാൻ അനുവദിക്കുകയുള്ളു.
ഗർഭിണികൾ, കുടുംബത്തിൽ മരണമടഞ്ഞവർ, ഗുരുതരമായ അസുഖം ബാധിച്ചവർ, 10 വയസ്സിന് താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുന്ന രക്ഷകർത്താക്കൾ എന്നിവർക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. അതിനു വേണ്ടി അവർ പ്രത്യേക അപേക്ഷ നൽകണം.
എല്ലാ ആഭ്യന്തര യാത്രക്കാരും വിമാനത്താവളത്തിൽ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് നിർബന്ധിത തെർമൽ സ്ക്രീനിംഗിനു വിധേയമാകണം. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ വിമാനത്താവള പരിസരത്ത് നിന്ന് പോകാൻ അനുവദിക്കൂ. അവർക്കും 7 ദിവത്തെ ക്വാറന്റീൻ നിർബന്ധമാണ്. വിമാനങ്ങൾ മാറിക്കയറുന്നവരും, യാത്രയ്ക്കു മുമ്പും ശേഷവും താപനില പരിശോധനയ്ക്ക് വിധേയമാകണം.
