കൊവിഡ്: ഇന്ന് 18 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍, ആകെ 169

രോഗം ബാധിച്ചവരുടെ എണ്ണം ഉയരുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Update: 2020-07-07 13:48 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയതായി 18 പ്രദേശങ്ങള്‍ കൂടി ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ഇതോടെ നിലവില്‍ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 169 ആയി. ആകെ 272 പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം ഉയരുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 68 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് കൊവിഡ് കണ്ടെത്തിയിട്ടുണ്ട്. ഒരു സിഐഎസ്എഫ് ജവാന്‍, 1 ഡിഎസ്‌സി ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

വിദേശത്തുനിന്നെത്തിയ 157 പേര്‍ക്കാണ് ഇന്ന് രോഗം കണ്ടെത്തിയത്. മറ്റ് ജില്ലകളില്‍ നിന്നെത്തിയ 38 പേര്‍ക്കും വൈറസ് ബാധ കണ്ടെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ച 15 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.

മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂര്‍ 19, ആലപ്പുഴ 18, കോഴിക്കോട് 15, കാസര്‍കോട് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശ്ശൂര്‍ 10, കോട്ടയം 3, വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കോവിഡ് രോഗികളുടെ കണക്ക്.

Tags: