ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ മൂന്നാം ഘട്ട പരിശോധനയില്‍ 77.8 ശതമാനം ഫലപ്രദമെന്ന് കമ്പനി. ഹൈദരാബാദിലെ ഭാരത് ബയോടെക്കാണ് കൊവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. രാജ്യത്ത് 25,800 പേരിലാണ് വാക്‌സിന്‍ പരിശോധന നടത്തിയത്. പരിശോധനാഫലവും ഡാറ്റയും നിയമപരമായ അംഗീകാരത്തിനുവേണ്ടി കഴിഞ്ഞ ആഴ്ച ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ എക്‌സ്‌പെര്‍ട്ട് കമ്മറ്റിക്ക് കൈമാറി.
അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച രേഖകള്‍ ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. അംഗീകാരം ലഭിച്ചശേഷമേ അതുണ്ടാവുകയുളളു എന്ന് കമ്പനിവൃത്തങ്ങള്‍ അറിയിച്ചു.
കമ്പനി ആഭ്യന്തരമായി നടത്തിയ പരിശോധനയില്‍ 81 ശതമാനം ഫലപ്രദമാണെന്നും വാക്‌സിന്‍ എടുത്തവരില്‍ ആരെയും കൊവിഡിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിക്കേണ്ടി വന്നിട്ടില്ലെന്നും കമ്പനി പറയുന്നു. മൂന്നാം ഘട്ട പരിശോധനക്കു ശേഷം അനുമതി ലഭിക്കുകയാണെങ്കില്‍ കൊവാക്‌സിന് ലോകാരോഗ്യസംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കും.