'കോടതിക്ക് സ്വാര്‍ഥത കാണിക്കാനാവില്ല': ജഡ്ജിമാര്‍ അടക്കമുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനില്‍ മുന്‍ഗണന വേണമെന്ന അഭിഭാഷകരുടെ ഹരജി തള്ളി

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഡബ്ബാവാലകള്‍ക്കും മറ്റും വേണ്ടി എന്തുകൊണ്ട് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിക്കപ്പെടുന്നില്ലെന്ന് കോടതി അഭിഭാഷകരെ വിമര്‍ശിച്ചുകൊണ്ട് ചോദിച്ചു

Update: 2021-03-11 01:03 GMT

മുംബൈ: ജഡ്ജിമാര്‍ അടക്കമുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനില്‍ മുന്‍ഗണന വേണമെന്ന അഭിഭാഷകരുടെ പൊതുതാല്‍പര്യ ഹരജി ബോംബെ ഹൈക്കോടതി തള്ളി. മുന്‍ഗണന അവകാശപ്പെട്ട് വാക്‌സിന്‍ നേടാന്‍ ശ്രമിക്കുന്നത് സ്വാര്‍ഥതയാണെന്നും കോടതി പറഞ്ഞു. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം അഭിഭാഷകരാണ് ഹര്‍ജി നല്‍കിയത്.

ജഡ്ജിമാര്‍, അഭിഭാഷകര്‍, ജീവനക്കാര്‍ എന്നിവരടക്കം നിയമസംവിധാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ കോവിഡ് മുന്നണി പ്രവര്‍ത്തകരായി കണക്കാക്കണമെന്നും അവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത് ഹൈക്കോടതി പ്രവര്‍ത്തിച്ചിരുന്നെന്നും എല്ലാ അഭിഭാഷകരും ജഡ്ജിമാരും മറ്റു ജീവനക്കാരും കോവിഡിനെ പരിഗണിക്കാതെ ജോലി ചെയ്‌തെന്നും അതിനാല്‍ അവരും മുന്നണിപ്പോരാളികളുടെ ഗണത്തില്‍ ഉള്‍പ്പെട്ട് നേരത്തെ വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


അഭിഭാഷകരുടെ ഈ വാദം തള്ളിയ കോടതി, മുന്നണി പ്രവര്‍ത്തകരായ മറ്റു നിരവധി പേര്‍ ഈ കാലയളവില്‍ ജോലി ചെയ്തിരുന്നതായി ചൂണ്ടിക്കാട്ടി. ശുചീകരണ തൊഴിലാളികള്‍, നിരവധി സ്വകാര്യ സംഘടനകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നതായും കോടതി ഓര്‍മിപ്പിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഡബ്ബാവാലകള്‍ക്കും മറ്റും വേണ്ടി എന്തുകൊണ്ട് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിക്കപ്പെടുന്നില്ലെന്ന് കോടതി അഭിഭാഷകരെ വിമര്‍ശിച്ചുകൊണ്ട് ചോദിച്ചു.




Tags:    

Similar News