മുക്കുപണ്ടം പണയംവച്ച് 74,000 രൂപ തട്ടിയ ദമ്പതികള്‍ പിടിയില്‍

Update: 2025-10-24 05:36 GMT

കൊല്ലം: മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസില്‍ ദമ്പതികളെ പോലിസ് പിടികൂടി. കൊല്ലം കിളികൊല്ലൂര്‍ ഗീതാഭവനില്‍ വിഷ്ണു (37), ഭാര്യ കടമാന്‍കോട് രമ്യാഭവനില്‍ രമ്യ (24) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മാസം 16ന് കുളത്തൂപ്പുഴയിലെ ലക്ഷ്മി ഫിനാന്‍സിലാണ് ദമ്പതികള്‍ തട്ടിപ്പ് നടത്തിയത്. പ്യൂരിറ്റി കുറഞ്ഞ സ്വര്‍ണം മറ്റുലോഹവുമായി ചേര്‍ത്ത് യഥാര്‍ഥ സ്വര്‍ണമാണെന്ന് നടിച്ച് പണയംവെച്ചതിലൂടെ 74,000 രൂപ കൈക്കലാക്കുകയായിരുന്നു.

പ്രതികള്‍ ഏകദേശം 30,000 രൂപ ചെലവഴിച്ചാണ് മുക്കുപണ്ടം നിര്‍മ്മിച്ചത്. വിദഗ്ധര്‍ക്കുപോലും യഥാര്‍ഥ സ്വര്‍ണമാണെന്ന് തോന്നുന്ന തരത്തിലുള്ള കൃത്രിമനിര്‍മാണമായിരുന്നുവെന്ന് പോലിസ് അറിയിച്ചു. തുടര്‍ന്ന് വയനാട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ എസ്ഐ പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമാനരീതിയില്‍ നിരവധി ഇടങ്ങളില്‍ മുക്കുപണ്ടം പണയംവെച്ചിട്ടുണ്ടെന്ന് സമ്മതിച്ചതായി പോലിസ് അറിയിച്ചു.

Tags: