അധ്യാപക ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപയുടെ തട്ടിപ്പ്; ദമ്പതികള്‍ പിടിയില്‍
കയ്പമംഗലം: എയ്ഡഡ് സ്‌കൂളില്‍ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ദമ്പതികള്‍ പിടിയില്‍. വലപ്പാട് സ്വദേശികളായ വാഴൂര്‍ വീട്ടില്‍ പ്രവീണ്‍ (56), ഭാര്യ രേഖ (45) എന്നിവരെയാണ് കയ്പമംഗലം പോലിസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം പാലോട് നന്ദിയോട് അഞ്ജു നിലയത്തില്‍ ആര്യാ മോഹന്‍ (31) ആണ് തട്ടിപ്പിനിരയായത്. കയ്പമംഗലം കൂരിക്കുഴി കെഎംയുപി സ്‌കൂളിലെ എല്‍പി വിഭാഗത്തിലേക്ക് അധ്യാപകരെ ആവശ്യമുണ്ടെന്ന് കാണിച്ച് പ്രതികള്‍ പത്രപരസ്യം നല്‍കിയിരുന്നു. ഇത് കണ്ട് എത്തിയ ആര്യയെ 2023 നവംബര്‍ ആറിന് അഭിമുഖം നടത്തുകയും ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു.
സ്‌കൂളില്‍ യഥാര്‍ഥത്തില്‍ ഒഴിവില്ലാതിരുന്നിട്ടും പരാതിക്കാരിയെ വിശ്വസിപ്പിക്കുന്നതിനായി മൂന്നു മാസം സ്‌കൂളില്‍ ജോലി ചെയ്യിപ്പിച്ചു. പിന്നീട് ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തുടര്‍ന്നാണ് ആര്യ പോലിസില്‍ പരാതി നല്‍കിയത്. കയ്പമംഗലം പോലിസ് സ്‌റ്റേഷന്‍ എസ്‌ഐ ടി വി ഋഷി പ്രസാദിന്റെ നേതൃത്തത്തിലായിരുന്നു അന്വേഷണം. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.