സ്ത്രീകളുടെ അവകാശങ്ങളിലും ലിംഗസമത്വത്തിലും ലോകരാജ്യങ്ങള്‍ പുറകില്‍, റിപോര്‍ട്ട്
ന്യൂയോര്‍ക്ക്: സ്ത്രീകളുടെ അവകാശങ്ങളിലും ലിംഗസമത്വത്തിലും ലോകരാജ്യങ്ങള്‍ പുറകിലെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപോര്‍ട്ട്. ലിംഗ വിവേചനം സമ്പദ്വ്യവസ്ഥകളിലും സമൂഹങ്ങളിലും ആഴത്തില്‍ വേരൂന്നിയിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി, സ്ത്രീകളുടെ അവകാശങ്ങളിലും ലിംഗസമത്വത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് യുഎന്‍ ഏജന്‍സി പുറത്തിറക്കിയ റിപോര്‍ട്ടിലാണ് കണ്ടെത്തല്‍.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബാസൂത്രണം എന്നിവയുള്‍പ്പെടെ ചില പുരോഗതികള്‍ ഉണ്ടായിട്ടും, ഓരോ 10 മിനിറ്റിലും ഒരു സ്ത്രീയോ പെണ്‍കുട്ടിയോ കുടുംബാംഗത്താല്‍ കൊല്ലപ്പെടുന്നുണ്ടെന്നും 2022 മുതല്‍ ലൈംഗിക അതിക്രമ കേസുകളില്‍ 50% വര്‍ധനവുണ്ടായിട്ടുണ്ടെന്നും യുഎന്‍ വിമന്‍ പറഞ്ഞു.
ആഗോളതലത്തില്‍, സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെടുന്നുവെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. തുല്യാവകാശങ്ങള്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുപകരം, സ്ത്രീവിരുദ്ധത പ്രാല്‍സാഹിപ്പിക്കുന്നതാണ് നാം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും, എല്ലാവര്‍ക്കും, എല്ലായിടത്തും മനുഷ്യാവകാശങ്ങള്‍, സമത്വം, ശാക്തീകരണം എന്നിവ യാഥാര്‍ഥ്യമാക്കുന്നതില്‍' ലോകരാജ്യങ്ങള്‍ ഉറച്ചുനില്‍ക്കണമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 88% രാജ്യങ്ങള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കുന്നതിന് നിയമങ്ങള്‍ പാസാക്കുകയും ഇരകളെ സഹായിക്കുന്നതിനാവശ്യമായ സേവനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്നും റിപോര്‍ട്ടിലുണ്ട്. മിക്ക രാജ്യങ്ങളും ജോലിസ്ഥലത്തെ വിവേചനം നിരോധിച്ചിട്ടുണ്ട്, കൂടാതെ 44% രാജ്യങ്ങള്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നുണ്ടെന്നും റിപോര്‍ട്ട് പറയുന്നു.
2022 മുതല്‍ ലൈംഗിക അതിക്രമ കേസുകള്‍ 50% വര്‍ധിച്ചിട്ടുണ്ടെന്നും,ഈ കുറ്റകൃത്യങ്ങളില്‍ 95% കേസുകളിലെയും ഇരകള്‍ സ്ത്രീകളും പെണ്‍കുട്ടികളുമാണെന്നും യുഎന്‍ ഏജന്‍സി പറഞ്ഞു. റിപോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, 2030 ഓടെ ലിംഗസമത്വം കൈവരിക്കുക എന്ന യുഎന്‍ ലക്ഷ്യത്തിലേക്ക് ലോകത്തെ അടുപ്പിക്കുന്നതിനുള്ള ഒരു റോഡ്മാപ്പ് ഏജന്‍സി സ്വീകരിച്ചിട്ടുണ്ടെന്ന് യുഎന്‍ വനിതാ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിമ ബഹൂസ് പറഞ്ഞു. എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സാങ്കേതികവിദ്യയില്‍ തുല്യ പ്രവേശനം ഉറപ്പാക്കുന്ന ഒരു ഡിജിറ്റല്‍ വിപ്ലവം, ദാരിദ്ര്യത്തില്‍ നിന്ന് അവരെ മോചിപ്പിക്കുന്നതിന് സാര്‍വത്രിക ആരോഗ്യ സംരക്ഷണവും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഉള്‍പ്പെടെയുള്ള സാമൂഹിക സംരക്ഷണങ്ങളില്‍ നിക്ഷേപം നടത്തുക, പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അക്രമം ഒഴിവാക്കുക എന്നിവ ഉള്‍കൊള്ളുന്നതാണ് റോഡ് മാപ്പ് പദ്ധതി.

