20 ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ട് പിടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

2000, 500, 100, 50 രൂപയുടെ കള്ളനോട്ടുകളാണ് പിടിയിലായവ

Update: 2021-09-06 17:53 GMT

പത്തനംതിട്ട: തമിഴ്‌നാട് തേനി ജില്ലയിലെ ഉത്തമപാളയത്തിന് സമീപം ഇരുപത് ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. കള്ളനോട്ട് നിര്‍മ്മിച്ച് വിതരണം ചെയ്ത രണ്ടു പേരെ തമിഴ്‌നാട് പോലിസ് അറസ്റ്റ് ചെയ്തു. കമ്പം സ്വദേശി കണ്ണനും ആനമലയന്‍ പെട്ടി സ്വദേശി അലക്‌സാണ്ടറുമാണ് പിടിയിലായത്.


കമ്പത്ത് ഒരു വ്യാപാര സ്ഥാനത്തില്‍ ലഭിച്ച കള്ളനോട്ട് പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളനോട്ട് വിതരണം സംബന്ധിച്ച് വിവരം കിട്ടിയത്. തുടര്‍ന്ന് ആനമലയന്‍പെട്ടിക്കു സമീപം വെള്ളക്കര എന്ന ഭാഗത്ത് നടത്തിയ പരിശോധനയില്‍ ഇരുചക്ര വാഹനത്തിലെത്തിയ ആളുടെ കയ്യില്‍ നിന്നും 2000 രൂപയുടെയും 500 രൂപയുടെയും കള്ളനോട്ടുകള്‍ പിടികൂടി. ചോദ്യം ചെയ്യലില്‍ കമ്പം സ്വദേശി കണ്ണനും ആനമലയന്‍ പെട്ടി സ്വദേശി അലക്‌സാണ്ടറുമാണ് നോട്ടുകള്‍ നല്‍കിയതെന്ന് ഇയാള്‍ മൊഴി നല്‍കി. തുടര്‍ന്ന് കണ്ണനെയും അലക്‌സാണ്ഠറെയും അറസ്റ്റു ചെയ്തു. ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയിലാണ് 20,20,910 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയത്.


2000, 500, 100, 50 രൂപയുടെ കള്ളനോട്ടുകളാണ് പിടിയിലായവ. കളര്‍ ഫോട്ടോസ്റ്റാറ്റ് മെഷിന്‍ ഉപയോഗിച്ചാണ് ഇവര്‍ കള്ളനോട്ട് തയ്യാറാക്കിയതെന്ന് പോലിസ് പറഞ്ഞു.




Tags:    

Similar News