ഡി രാജയ്ക്ക് മറുപടി: പാര്‍ട്ടി ഭരണഘടന വായിച്ചിട്ടുള്ളതിനാല്‍ അച്ചടക്കത്തെ കുറിച്ച് അറിയാമെന്ന് കാനം രാജേന്ദ്രന്‍

പാര്‍ട്ടിയില്‍ ജനാധിപത്യമുണ്ട്, എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് സ്വീകാര്യമല്ലെന്നും അത് അംഗീകരിക്കാനാവില്ലെന്നും രാജ പറഞ്ഞിരുന്നു

Update: 2021-10-05 13:31 GMT

തിരുവനന്തപുരം: പാര്‍ട്ടി അച്ചടക്കം പാലിക്കണമെന്ന് പറഞ്ഞ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജക്ക് മറുപടിയുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

പാര്‍ട്ടി ഭരണഘടന വായിച്ചിട്ടുള്ളതിനാല്‍ അച്ചടക്കത്തെ കുറിച്ച് അറിയാം. രാഷ്ട്രീയ വിഷയങ്ങളില്‍ ദേശീയ നേതാക്കള്‍ അഭിപ്രായം പറയുമ്പോള്‍ കൂടിയാലോചന നടത്താറുണ്ട്. ഇതാണ് സാധാരണയുള്ള രീതി. ദേശീയ നേതാക്കള്‍ പൊതുവിഷയങ്ങളില്‍ അഭിപ്രായം പറയരുതെന്ന നിലപാട് തനിക്കില്ലെന്നും കാനം പറഞ്ഞു.

പോലിസിലെ ആര്‍എസ്എസ് സാന്നിധ്യം സംബന്ധിച്ച ആനി രാജയുടെ പരാമര്‍ശമാണ് വിവാദമായത്. ആനി രാജയുടെ വിമര്‍ശനം സിപിഐ സംസ്ഥാന നേതൃത്വം തള്ളിയിരുന്നു. എന്നാല്‍, ആനി രാജയെ പിന്തുണക്കുന്ന നിലപാടാണ് ഡി രാജ സ്വീകരിച്ചത്. ഇതിനെ തുടര്‍ന്ന് ഡി രാജക്കെതിരെ കാനം പരസ്യവിമര്‍ശനമുന്നയിച്ചിരുന്നു. ഇന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവിന് ശേഷം മാധ്യമങ്ങളെ കണ്ട ഡി രാജ കാനത്തിന്റെ നിലപാടിനെ വിമര്‍ശിച്ചു. പാര്‍ട്ടിയില്‍ ജനാധിപത്യമുണ്ട്, എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് സ്വീകാര്യമല്ലെന്നും അത് അംഗീകരിക്കാനാവില്ലെന്നും രാജ പറഞ്ഞിരുന്നു.

Tags:    

Similar News