അഴീക്കല്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി: കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നു കെ. സുധാകരന്‍ എം.പി

ഭരണത്തിലേറി ആറ് മാസം പൂര്‍ത്തിയാവുന്നതിന് മുന്‍പേ കേരളത്തിന്റെ വികസന കാര്യത്തില്‍ നിക്ഷേധാത്മക സമീപനവും പ്രഖ്യാപിച്ചതും നടപ്പിലാക്കി തുടങ്ങിയതുമായ പദ്ധതികള്‍ പിന്‍വലിക്കുന്നതുമായ നടപടിയാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്.

Update: 2019-12-02 15:59 GMT

ന്യൂഡല്‍ഹി: അഴീക്കല്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്ര തീരുമാനത്തിലൂടെ മോദി സര്‍ക്കാറിന്റെ കേരളത്തോടുള്ള സമീപനമാണ് വ്യക്തമാവുന്നതെന്ന് കെ.സുധാകരന്‍ എം.പി. ജില്ലയുടെ വികസനത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നതും കേരളത്തിന്റെ പൊതുവികസനത്തില്‍ നാഴികക്കല്ലാവുന്നതുമായ പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും കെ. സുധാകരന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ കോസ്റ്റല്‍ റെഗുലേഷന്‍ സോണില്‍ വരുന്നതിനാല്‍ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വകുപ്പിന്റെ അനുമതി ലഭ്യമായിട്ടില്ല എന്ന കാരണം പറഞ്ഞാണ് പദ്ധതി ഉപേക്ഷിച്ചിരിക്കുന്നത്. അക്കാദമിക്ക് വേണ്ടി 65 കോടിയോളം രൂപ ചെലവഴിച്ച് കഴിഞ്ഞതിനു ശേഷമാണ് കേന്ദ്ര സര്‍ക്കാറില്‍ നിന്നും ഇപ്പോള്‍ നിരുത്തരവാദപരമായ സമീപനം ഉണ്ടായിരിക്കുന്നത്. എല്ലാവിധ അടിസ്ഥാന വികസന സൗകര്യങ്ങളും അനുയോജ്യമായ ഭൂമി ശാസ്ത്രപരമായ സൗകര്യങ്ങളും ഒത്തിണങ്ങിയ അഴീക്കലിലെ ഇരിണാവിലെ പ്രദേശം എല്ലാവിധ സര്‍ക്കാര്‍ പരിശോധനകളും പൂര്‍ത്തിയാക്കിയതിനു ശേഷമാണ് തറക്കല്ലിട്ട് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്.

ഭരണത്തിലേറി ആറ് മാസം പൂര്‍ത്തിയാവുന്നതിന് മുന്‍പേ കേരളത്തിന്റെ വികസന കാര്യത്തില്‍ നിക്ഷേധാത്മക സമീപനവും പ്രഖ്യാപിച്ചതും നടപ്പിലാക്കി തുടങ്ങിയതുമായ പദ്ധതികള്‍ പിന്‍വലിക്കുന്നതുമായ നടപടിയാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. ആയിരക്കണക്കിന് പ്രത്യക്ഷ തൊഴില്‍സാധ്യതകളും പരോക്ഷമായ മറ്റനവധി സൗകര്യങ്ങളും പ്രതീക്ഷിച്ച് കാത്തിരുന്ന മലയാളികളുടെ വികസന സ്വപ്നങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2009ല്‍ തന്നെ യു.പി.എ. ഗവണ്‍മെന്റ് ആവശ്യമായ പരിശോധനകള്‍ നടത്തിയതിന് ശേഷമാണ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി നല്കിയതെന്നിരിക്കെ യുക്തിസഹമല്ലാത്ത കാരണങ്ങള്‍ നിരത്തി പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സര്‍ക്കാറിന്റെ ഇത്തരം സമീപനത്തിനെതിരെ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് പൊരുതുമെന്നും കെ.സുധാകരന്‍ എം.പി. പ്രസ്താവനയില്‍ പറഞ്ഞു.




Tags:    

Similar News