മദ്യകച്ചവട രംഗത്തെ അഴിമതി തുടച്ചുനീക്കും : മന്ത്രി

Update: 2022-05-24 17:58 GMT

തിരുവനന്തപുരം: മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട പാലക്കാട് എക്‌സൈസ് ഡിവിഷന്‍ ഓഫിസിലും മറ്റ് ചില ഓഫിസുകളിലും വന്‍ അഴിമതി നടത്താന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

മദ്യകച്ചവടവുമായി ബന്ധപ്പെട്ട് ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പില്ലെന്നും അഴിമതിക്കാരെ തുടച്ചുനീക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പാലക്കാട് എക്‌സൈസ് ഡിവിഷന്‍ ഓഫിസില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ റെയ്ഡും മറ്റും നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ റിപോര്‍ട്ടിന്റെയും വിജിലന്‍സില്‍ നിന്ന് ലഭിച്ച വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ് മന്ത്രി ശിക്ഷാനടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയത്. 

സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചുവെന്ന് മന്ത്രി പറഞ്ഞു. അഴിമതിക്കാരെ പൊതുസമൂഹത്തിന് മുന്നില്‍ക്കൊണ്ടുവരികയും അവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളാനുള്ള സാധ്യതകള്‍ പരിശോധിക്കുകയും ചെയ്യും. 

എക്‌സൈസ് വകുപ്പില്‍ ഏതെങ്കിലും രീതിയിലുള്ള അഴിമതി നടത്തി മുന്നോട്ടുപോകാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ പല തലങ്ങളിലുള്ള അന്വേഷണങ്ങളിലൂടെ അത്തരം നീക്കങ്ങള്‍ ഇല്ലാതാക്കുമെന്ന് മന്ത്രി പറഞ്ഞു. അഴിമതി ഇല്ലാതെ മദ്യകച്ചവടം നടത്താനാവും. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയും സമ്മാനങ്ങളും നല്‍കി പ്രീതിപ്പെടുത്തുന്ന രീതി ഒഴിവാക്കി, കാലാനുസൃതമായ രീതിയില്‍, പുരോഗമനോന്‍മുഖമായി ബിസിനസ് നടത്താന്‍ കരാറുകാരടക്കമുള്ളവരും തയ്യാറാവണമെന്ന് മന്ത്രി കൂട്ടിചേര്‍ത്തു. 

Similar News