കൊച്ചി: എഐ കാമറയില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തല എംഎല്‍എയും നല്‍കിയ പൊതുതാത്പര്യഹര്‍ജി തള്ളി ഹൈക്കോടതി. കാമറകള്‍ സ്ഥാപിക്കുന്നതിനായി കമ്പനികളുമായി ഉണ്ടാക്കിയ കരാര്‍ റദ്ദാക്കണമെന്നും ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും പറഞ്ഞ് സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. മതിയായ തെളിവുകളില്ലെന്ന് പറഞ്ഞാണ് ഹരജി കോടതി തള്ളിയത്.
2023 ല്‍ സമര്‍പ്പിച്ച ഹരജികളില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറയാന്‍ മാറ്റിയത്.അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കാമറകളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ കരാറുകാര്‍ക്ക് പണം നല്‍കാവൂ എന്നായിരുന്നു കോടതി നിലപാട്. എന്നാല്‍ പിന്നീട് കരാറുകാര്‍ക്ക് ഘട്ടം ഘട്ടമായി പണം കൈമാറുന്നതിന് അനുമതി നല്‍കി.