അഴിമതി ആരോപണം: ടാറ്റ പ്രൊജക്റ്റ് ഉദ്യോഗസ്ഥരടക്കം ആറ് പേര്‍ സിബിഐ കസ്റ്റഡിയില്‍
ഗുരുഗ്രാം: സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തും സ്വാധീനം ചെലുത്തിയും അഴിമതി നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഗുരുഗ്രാമിലെ 11 കേന്ദ്രങ്ങളില്‍ സിബിഐ ഒരേസമയം പരിശോധന നടത്തി. ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരടക്കമുള്ള ആറ് പേരെ അറസ്റ്റ് ചെയ്തു.
'പവര്‍ ഗ്രിഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബി.എസ്. ഝായെയും മറ്റ് അഞ്ച് പേര്‍ക്കൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുഗ്രാമിലെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് 93 ലക്ഷം രൂപയും കണ്ടെടുത്തു,' - സിബിഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് നാഷണല്‍ ഹെരാള്‍ഡ് പത്രം റിപോര്‍ട്ട് ചെയ്തു.
ദേശ് രാജ്, ആര്‍.എന്‍ സിങ്ങ് തുടങ്ങിയവരാണ് അറസ്റ്റിലായ ടാറ്റ പ്രൊജക്ട്‌സ് ലിമിറ്റഡില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍.
ഫെബ്രുവരിയിലാണ് ഇത് സംബന്ധിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതികള്‍ക്ക് പല പദ്ധതികളുടെയും ടെണ്ടര്‍ ലഭിച്ചിരുന്നു. ഇത് ലഭിക്കുന്നതിനായി വന്‍തുക കൈക്കൂലി നല്‍കിയെന്നാണ് ആരോപണം.