കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ; അവസാന തിയ്യതി മേയ് മൂന്നിന് ഉച്ചയ്ക്ക് രണ്ട് വരെ
തിരുവനന്തപുരം: കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിനായുള്ള തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഏപ്രില്‍ 27 ന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രികകള്‍ അതതു കോര്‍പ്പറേഷന്‍, മുനസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് വരണാധികാരിയുടെ ഓഫിസില്‍നിന്ന് നാളെ മുതല്‍ മേയ് മൂന്നു വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11നും ഉച്ചയ്ക്കു രണ്ടിനും ഇടയില്‍ ലഭിക്കും.
മേയ് മൂന്നിന് ഉച്ചയ്ക്ക് രണ്ടു വരെ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കും. പത്രികകള്‍ വരണാധികാരിയുടെ ഓഫിസില്‍ തപാല്‍ മുഖേന എത്തിക്കുകയോ ഓഫിസിനു മുന്നില്‍ ഇതിനായി വച്ചിട്ടുള്ള പെട്ടിയില്‍ നേരിട്ടു നിക്ഷേപിക്കുകയോ ചെയ്യാം. മേയ് അഞ്ചിന് വൈകിട്ട് അഞ്ചിന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. തുടര്‍ന്നു സാധുവായി നാമനിര്‍ദേശംചെയ്യപ്പെട്ട സ്ഥാനാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. മേയ് ഒമ്പതിന് ഉച്ചയ്ക്കു രണ്ടു വരെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാം. വൈകിട്ട് അഞ്ചിന് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും.
മേയ് 19ന് രാവിലെ 10 മുതല്‍ മൂന്നു വരെയാണു ബാലറ്റ് പേപ്പര്‍ നല്‍കുന്നത്. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ എന്ന ശീര്‍ഷകത്തിലെ എ, ബി വിഭാഗങ്ങളിലെ അംഗങ്ങളുടെ തിരഞ്ഞെടുപ്പാണു നടക്കുന്നത്. വൈകിട്ടു മൂന്നിനു ശേഷം വോട്ടുകളുടെ സൂക്ഷ്മ പരിശോധനയും വോട്ടെണ്ണലും നടക്കും. തുടര്‍ന്നു ഫലം പ്രഖ്യാപിക്കും. ഫലം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നോട്ടിസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും. അന്നേ ദിവസം വൈകിട്ട് അഞ്ചിന് കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി തിരഞ്ഞെടുപ്പ് തീയതി വരണാധികാരി പ്രസിഡന്റിന്റെ അനുവാദത്തോടെ ഔപചാരികമായി പ്രഖ്യാപിക്കും.
മേയ് 25നു രാവിലെ 10നാണ് എക്‌സിക്യൂട്ടിവ് കമ്മിറ്റി തിരഞ്ഞെടുപ്പ്.
