കൊവിഡ് 19: ഇറ്റലിയില്‍ കടുത്ത നിയന്ത്രണം പുറംലോകവുമായി ബന്ധമില്ലാതെ 15 പ്രവിശ്യകള്‍
യൂറോപ്പില്‍ കൊവിഡ് 19 ഏറ്റവുമധികം ബാധിച്ചത് ഇറ്റലിയെയാണ്. 6000 ത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
റോം: കൊറോണ വൈറസ് രുക്ഷമായ സാഹചര്യത്തില്‍ ഇറ്റലിയിലെ മിലന്‍ തലസ്ഥാനമായ വടക്കന്‍ മേഖലയിലെ ലൊംബാര്‍ഡിയും വെനീസും ഉള്‍പ്പെടെ 15 പ്രവിശ്യകള്‍ അടച്ചുപൂട്ടി. 1.6 കോടിയിലേറെ ജനങ്ങളാണ് ഫലത്തില്‍ പുറംലോകവുമായി ബന്ധമില്ലാതെ കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് യാത്ര ചെയ്യാന്‍ പ്രത്യേക അനുമതി വാങ്ങണം. കഴിയുന്നത്ര വീടുകളില്‍ തുടരാനാണ് നിര്‍ദേശം.
യൂറോപ്പില്‍ കൊവിഡ് 19 ഏറ്റവുമധികം ബാധിച്ചത് ഇറ്റലിയെയാണ്. 6000 ത്തോളം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ മരിച്ചവരുടെ എണ്ണം 230 ആയി. രാജ്യത്തെ സാമ്പത്തിക കേന്ദ്രവും ടൂറിസ്റ്റ് മേഖലകളും അടച്ചിട്ടിരിക്കുകയാണ്. ഇത് സാമ്പത്തിക മേഖലയില്‍ വലിയ പ്രത്യഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. സ്‌കൂളുകള്‍, ക്ലബുകള്‍, ജിം, മ്യൂസിയം തുടങ്ങി ആളുകള്‍ ഒരുമിച്ചു കൂടുന്ന ഇടങ്ങളൊന്നും പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചതും ഇറ്റലിയിലാണ്. ഇറ്റലിയില്‍ നിന്ന് വന്നവര്‍ക്ക് യൂറോപ്പിലെ മറ്റു പല രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യ, അറബ് രാജ്യങ്ങളുള്‍പ്പെടെ മിക്ക യൂറോപ്യന്‍ രാജ്യങ്ങളും യാത്രാവിലക്ക് ഏര്‍പ്പെടുത്തിട്ടുണ്ട്. വൈറസ് പകരുന്നത് പൂര്‍ണമായും തടയുന്നത് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കടുത്ത നടപടികളെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.