കൊവിഡ് 19: മലപ്പുറത്ത് 5 പേര്‍ രോഗമുക്തരായി; ഇനി ചികില്‍സയിലുള്ളത് ഒരാള്‍
മലപ്പുറം: കൊവിഡിനെ പ്രതിരോധിച്ച് ഇന്ന് അഞ്ച് പേര്‍ കൂടി വീടുകളിലേക്ക് മടങ്ങി. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്ന് വേങ്ങരമടപ്പള്ളി അബ്ബാസ് (63), തിരൂര്‍ പുല്ലൂര്‍ ചീനിക്കല്‍ ഷറഫുദ്ദീന്‍ (39), ചുങ്കത്തറ പള്ളിക്കല്‍ സനീം അഹമ്മദ് (30), കണ്ണമംഗലം കല്ലുപറമ്പന്‍ സുലൈഖ (45), മമ്പുറം വെട്ടം ബസാര്‍ നെരിക്കൂല്‍ സാജിദ (42) എന്നിവരാണ് ഇന്ന് രാവിലെ വീടുകളിലേക്ക് പോയത്.
രാവിലെ 10.30 ന് ജില്ലയിലെ കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റെപ് ഡൗണ്‍ ഐസിയുവില്‍ നിന്ന് അഞ്ച് പേരും പുറത്തിറങ്ങി. കൈവിട്ടു പോകുമെന്നു കരുതിയ ജീവിതം തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലായിരുന്നു ഇവര്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാറും ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും തങ്ങള്‍ക്ക് ലഭ്യമാക്കിയ മികച്ച ചികില്‍സക്കും പരിചരണത്തിനും അഞ്ച് പേരും നന്ദി പറഞ്ഞു.
ആരോഗ്യ വകുപ്പ് ഒരുക്കിയ പ്രത്യേക ആംബുലന്‍സുകളിലാണ് അഞ്ച് പേരും യാത്രയായത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം പി. ശശി, സൂപ്രന്റെും കൊവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫിസറുമായ ഡോ. കെ വി നന്ദകുമാര്‍, നോഡല്‍ ഓഫിസര്‍ ഡോ. ഷിനാസ് ബാബു, ലെയ്‌സണ്‍ ഓഫിസര്‍ ഡോ. എംപി ഷാഹുല്‍ഹമീദ്, ഐസൊലേഷന്‍ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവര്‍ ഇവരെ യാത്രയാക്കാനെത്തി. ഇനി ഒരാള്‍ മാത്രമാണ് ജില്ലയില്‍ കൊവിഡ് മുക്തനാവാനുള്ളത്.