ശ്രമിക് ട്രയിനല്ല, കൊറോണ എക്‌സ്പ്രസ്സ്; റെയില്‍വേ മന്ത്രാലയത്തിനെതിരേ ആഞ്ഞടിച്ച് മമതാ ബാനര്‍ജി

Update: 2020-05-30 00:47 GMT

കൊല്‍ക്കൊത്ത: ശ്രമിക് എക്‌സ്പ്രസ് എന്ന പേരില്‍ ഇന്ത്യ ഓടിക്കുന്നത് കൊറോണ എക്‌സ്പ്രസ്സാണെന്ന് മമതാബാനര്‍ജി. കുടിയേറ്റത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന ശ്രമിക് ട്രയിനുകളിലും മറ്റ് ട്രയിനുകളിലും സാമൂഹിക അകല നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു.

''നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. എന്നിട്ടും റെയില്‍വേ എന്തുകൊണ്ടാണ് മുഴുവന്‍ ശേഷി ഉപയോഗിച്ച് ട്രയിനുകളില്‍ ആളുകളെ കുത്തിനിറച്ച് സര്‍വീസ് നടത്തുന്നത്? യാത്രക്കാര്‍ക്ക് ട്രയിനുകളില്‍ വെള്ളവും ഭക്ഷണവും നല്‍കുന്നുമില്ല''- മമതാത ബാനര്‍ജി പറഞ്ഞു.

''ശ്രമിക് ട്രയിനുകളെന്ന പേരില്‍ റെയില്‍വേ ഓടിക്കുന്നത് കൊറോണ എക്‌സ്പ്രസ്സാണ്. എന്തുകൊണ്ടാണ് കൂടുതല്‍ ട്രയിനുകള്‍ സര്‍വീസ് നടത്താത്തത്? ഞാനും റെയില്‍വേ മന്ത്രിയായിരുന്നു, ഒരിക്കല്‍. ഞാന്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചു. എന്തുകൊണ്ടാണ് ഇപ്പോള്‍ അത് ചെയ്യാത്തത്? റെയില്‍ വേ വലിയ തോതില്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് യാത്രക്കാരെ മറ്റിടങ്ങളില്‍ എത്തിക്കുകയാണ്''- മമത പൊട്ടിത്തെറിച്ചു.


സംസ്ഥാനസര്‍ക്കാരിന്റെ 50-70 ശതമാനം ജീവനക്കാരെയും ജോലിയ്ക്ക് നിയോഗിക്കാന്‍ ബംഗാള്‍ തീരുമാനിച്ചിട്ടുണ്ട്.

''വിവിധ രംഗത്ത് പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ 50-70ശതമാനം ജീവനക്കാരെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പുനസ്ഥാപന പ്രവര്‍ത്തികള്‍ നടത്തുന്നതിനാണ് മുഖ്യപരിഗണന കൊടുക്കുന്നത്. പൊതുസൗകര്യങ്ങള്‍ തടസ്സം കൂടാതെ നടക്കണം''- മുഖ്യമന്ത്രി വ്യക്തമാക്കി.

എല്ലാ ആരാധനാലയങ്ങളും ജൂണ്‍ 1മുതല്‍ തുറക്കാന്‍ ബംഗാള്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു സമയത്ത് 10ല്‍ കൂടുതല്‍ പേരെ ആരാധനാലയങ്ങളില്‍ അനുവദിക്കില്ല.


Tags:    

Similar News