കോപ്പ അമേരിക്ക: അര്‍ജന്റീനയുടെ ആരാധകര്‍ക്കൊപ്പം മുഖ്യമന്ത്രിയും

Update: 2021-07-11 04:32 GMT

തിരുവനന്തപുരം: കോപ്പ അമേരിക്ക ഫൈനല്‍ മല്‍സരത്തില്‍ ബ്രസീലിനെ തോല്‍പ്പിച്ച് കപ്പ് കരസ്ഥമാക്കിയ അര്‍ജന്റീന ടീമിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. അതിര്‍ത്തികള്‍ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്‌ബോളിന്റെ സൗന്ദര്യം. അര്‍ജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആര്‍ത്തുവിളിക്കാന്‍ ലക്ഷക്കണക്കിനാളുകള്‍ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. ഇന്ന് നടന്ന കോപ്പ അമേരിക്ക ഫൈനല്‍ മല്‍സരം ആ യാഥാര്‍ത്ഥ്യത്തിന് അടിവരയിടുന്നുണ്ടെന്നും മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.

അര്‍ജന്റീനയുടെ വിജയവും ലയണല്‍ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരം! ഫുട്‌ബോള്‍ എന്ന ഏറ്റവും ജനകീയമായ കായികവിനോദത്തിന്റെ സത്ത ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്കാകട്ടെയെന്നും ഫുട്‌ബോള്‍ ആരാധകരുടെ സന്തോഷത്തില്‍ കൂട്ടത്തിലൊരാളായി താനും പങ്കു ചേരുന്നതായും മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.

ഇന്ന് പുലര്‍ച്ചെ നടന്ന മല്‍സരത്തിലാണ് അര്‍ജന്റീന ബ്രസീലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചത്.