ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടറിന് വില കൂട്ടി. വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. 111 രൂപയാണ് കൂട്ടിയത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോയുടെ സിലിണ്ടറിന് 1691 രൂപ 50 പൈസയായി. നേരത്തെ ഇത് 1,580.50 ആയിരുന്നു. കൊല്‍ക്കത്തയില്‍ വില 1,684 ല്‍ നിന്ന് 1,795 ആയി ഉയര്‍ന്നു. മുംബൈയില്‍ 1,642.50 ആണ് നിലവിലുള്ള വില.
ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ധാബകള്‍, കാറ്ററിംഗ് ബിസിനസുകള്‍ എന്നിവിടങ്ങളില്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ അവയുടെ പ്രവര്‍ത്തനത്തെ വില വര്‍ധന ഗണ്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, ഗാര്‍ഹിക ആവശങ്ങള്‍ക്കുപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ 14.2 കിലോയുടെ ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 853 രൂപയാണ്. ചെലവുയര്‍ന്നതോടെ ക്രമേണ ഭക്ഷ്യവസ്തുക്കളുടെ വിലയിലും വര്‍ധന പ്രകടമാകുമെന്നാണ് സൂചന.