'ഭക്ഷണം പാകം ചെയ്തത് പ്രതീക്ഷിച്ചപോലെയായില്ല': മുംബെയില്‍ നിര്‍മാണത്തൊഴിലാളി സഹപ്രവര്‍ത്തകനെ തലക്കടിച്ചു കൊന്നു

Update: 2021-03-03 12:47 GMT

മുംബൈ: ഭക്ഷണം പാകം ചെയ്തത് പ്രതീക്ഷിച്ചപോലെയായില്ലെന്ന് ആരോപിച്ച് മുംബൈയില്‍ നിര്‍മാണത്തൊഴിലാളി തന്റെ സഹപ്രവര്‍ത്തകനെ തൂമ്പ കൊണ്ട് തലക്കടിച്ചുകൊന്നുവെന്ന് പോലിസ്. ദാഹിസാറില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിനുള്ളിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയിലാണ് കൊലനടന്നത്. ഏറെ താമസിയാതെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ടയാളും പ്രതിയും മറ്റ് തൊഴിലാളികളും ഒരുമിച്ചാണ് ഇതേ കെട്ടിടത്തില്‍ താമസിച്ചിരുന്നത്. കൊല്ലപ്പെട്ടയാളെ ഭക്ഷണം ഉണ്ടാക്കാന്‍ ഏല്‍പ്പിച്ചുവെങ്കിലും അത് വേണ്ടവിധത്തിലായില്ലെന്ന് ആരോപിച്ച് പ്രതി ചീത്തപറയുകയും തെറിവിളിക്കുകയും ചെയ്്തു. തര്‍ക്കം മൂത്തതിനെത്തുടര്‍ന്ന് തൂമ്പ കൊണ്ട ആക്രമിക്കുകയായിരുന്നുവെന്നാണ് മറ്റു തൊഴിലാളികള്‍ മൊഴി നല്‍കിയത്.

തൂമ്പകൊണ്ട് അടിച്ചുവീഴ്ത്തിയ ഉടന്‍ മരണം സംഭവിച്ചു. പ്രശ്‌നത്തില്‍ ഇടപെട്ട സുഹൃത്തുക്കളെയും ആക്രമിച്ചിരുന്നു. ഒരാള്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.