ഗാസിയാബാദില്‍ ദലിത് വിദ്യാര്‍ത്ഥികള്‍ക്കുള്ള അംബേദ്കര്‍ ഹോസ്റ്റല്‍ 'അനധികൃത കുടിയേറ്റക്കാര്‍'ക്കുള്ള തടവറയാക്കുന്നു; യോഗി ആദിത്യനാഥിന്റെ നടപടിക്കെതിരേ മായാവതി

Update: 2020-09-17 07:37 GMT

ലഖ്‌നോ: ആദ്യമായി രൂപം കൊടുക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ക്കുളള ജയിലായി യുപി സര്‍ക്കാര്‍ കണ്ടെത്തിയത് ദലിത് ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി മായാവതി സര്‍ക്കാര്‍ പണിതീര്‍ത്ത അംബേദ്കര്‍ ഹോസ്റ്റല്‍. ഗാസിയാബാദിലെ ദലിത് ആദിവാസി ഹോസ്റ്റല്‍ തവറയാക്കുന്നതിനെതിരേ ബിഎസ്പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മായാവതി രംഗത്തുവന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടി ഈ സര്‍ക്കാര്‍ ദലിത് വിഭാഗങ്ങളോടെടുക്കുന്ന സമീപനത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് മായാവതി അഭിപ്രായപ്പെട്ടു. അടുത്ത മാസം മുതല്‍ ജയില്‍ പ്രവര്‍ത്തനക്ഷമമാവും.

ഹോസ്റ്റലിലെ സാധന സാമഗ്രഹികള്‍ കൈമാറിക്കഴിഞ്ഞെന്ന് ജില്ലാ വെല്‍ഫെയര്‍ ഓഫിസര്‍ സഞ്ജയ് വ്യാസ് പറഞ്ഞു. തവറയുടെ ഭാഗമായി വേണ്ട ചില പരിഷ്‌കരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

2010-11 കാലത്താണ് എസ് സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഹോസ്റ്റല്‍ പ്രവര്‍ത്തനം തുടങ്ങിയത്. പടിഞ്ഞാറന്‍ യുപിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഡല്‍ഹി-മീററ്റ് ഹൈവേയില്‍ രാജ്കിയ ഇന്നര്‍ കോളജിനു പിറകിലുള്ള ഈ ഹോസ്റ്റലില്‍ ഇതുവരെ താമസിച്ച് പഠിച്ചുവന്നിരുന്നത്. ഈ ഹോസ്റ്റലില്‍ ആവശ്യത്തിന് വിദ്യാര്‍ത്ഥികളില്ലെന്നാണ് അധികൃതരുടെ വാദം. അഞ്ച് വര്‍ഷമായി ഹോസ്റ്റല്‍ അടച്ചിട്ടിരിക്കുകയുമാണ്.

പാസ്പോര്‍ട്ട് നിയമം, 1987, ഫോറിനേഴ്‌സ് ആക്റ്റ് എന്നിവ ലംഘിക്കുന്നവര്‍ക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് തടവറ സജ്ജീകരിക്കുന്നത്. വിദേശികളായി കണ്ടെത്തുന്നവരെ നാടുകടത്തുന്നതുവരെ ഈ തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.  

Tags:    

Similar News