വിവാദ പരാമര്‍ശം; പാലാ ബിഷപ്പുമായി കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി

ബിഷപ്പിന്റെ മുസ്‌ലിം വിരുദ്ധ പ്രസ്താവനക്കെതിരേ കൂടുതല്‍ മുസ്‌ലിം സംഘടനകള്‍ രംഗത്തുവന്നതോടെ വിഷയത്തില്‍ മൃദുല സമീപനം പുലര്‍ത്തിയ സംസ്ഥാന സര്‍ക്കാര്‍ തീര്‍ത്തും വെട്ടിലായിരിക്കുകയാണ്.

Update: 2021-09-19 17:38 GMT

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തി വിവാദത്തിലായ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും ചര്‍ച്ച നടത്തി. വൈകിട്ട് ബിഷപ്പ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പാര്‍ട്ടി എംഎല്‍എമാരും നേതാക്കള്‍ക്ക് ഒപ്പമുണ്ടായിരുന്നു.


ബിഷപ്പിന്റെ നാര്‍കോടിക് ജിഹാദ് പ്രയോഗത്തിനു ശേഷം ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും പ്രതിഷേധം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ ബിഷപ്പ് ഹൗസിലെത്തിയത്. നേരത്തെ മന്ത്രി വിഎന്‍ വാസവന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവരും ബിഷപ്പിനെ കാണാനെത്തിയിരുന്നു.


ബിഷപ്പിന്റെ മുസ്‌ലിം വിരുദ്ധ പ്രസ്താവനക്കെതിരേ കൂടുതല്‍ മുസ്‌ലിം സംഘടനകള്‍ രംഗത്തുവന്നതോടെ വിഷയത്തില്‍ മൃദുല സമീപനം പുലര്‍ത്തിയ സംസ്ഥാന സര്‍ക്കാര്‍ തീര്‍ത്തും വെട്ടിലായിരിക്കുകയാണ്.. ബിഷപ്പിന്റെ പ്രസ്താവനയെ എതിര്‍ക്കുന്നവരെ തീവ്രവാദിയായി മുദ്രകുത്തിയ മന്ത്രി വി എന്‍ വാസവന്റെ നിലപാടും ഇടതുപക്ഷ സര്‍ക്കാറിനെതിരേ മുസ്‌ലിം സമുദായത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഇ കെ വിഭാഗം സുന്നി നേതാക്കള്‍ ഉയര്‍ത്തിയത്. വിവാദ പരാമര്‍ശം നടത്തിയ ബിഷപ്പിനെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലായി സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം എന്ന് സമസ്ത ആരോപിച്ചിട്ടുണ്ട്.


അതിനിടെ പാലാ ബിഷപ്പ് ഉന്നയിച്ച നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് മേലുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ സമുദായ മതനേതാക്കള്‍ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്നും മതസൗഹാര്‍ദ്ദത്തിനും, ഐക്യത്തിനും കോട്ടംതട്ടാന്‍ അനുവദിക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സമൂഹത്തില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ക്രൈസ്തവ സഭകളോ സഭ ശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല. ഈ നിലപാടില്‍ നിന്ന് മാറാതിരിക്കാന്‍ സഭാംഗങ്ങള്‍ ശ്രദ്ധിക്കണമെന്നും ആലഞ്ചേരി നിര്‍ദ്ദേശിച്ചിട്ടുണ്ട്.




Tags:    

Similar News