ക്രിമിനല്‍ കുറ്റങ്ങളില്‍പ്പെട്ട് ജയിലില്‍ കഴിഞ്ഞാല്‍ മന്ത്രിസ്ഥാനത്തു നിന്ന് നീക്കും; വിവാദ ബില്‍ ലോക്‌സഭയില്‍
ന്യൂഡല്‍ഹി: ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളില്‍പ്പെട്ട് തുടര്‍ച്ചയായി 30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രി, കേന്ദ്രമന്ത്രി, മുഖ്യമന്ത്രി, സംസ്ഥാന മന്ത്രി അല്ലെങ്കില്‍ കേന്ദ്രഭരണ പ്രദേശ മന്ത്രി എന്നിവരെ പുറത്താക്കാന്‍ വ്യവസ്ഥ ചെയ്യുന്ന മൂന്ന് വിവാദ ബില്ലുകള്‍ ലോക്സഭയിലേക്ക്. ബിജെപി ഇതര സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഇതിനെതിരേ ശക്തമായ പ്രതിഷേധം നടത്തുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു.ലോക്സഭയില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നും സഭാ നടപടികള്‍ തടസ്സപ്പെടുത്തുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചു.
മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, തമിഴ്നാട് മന്ത്രി വി സെന്തില്‍ ബാലാജി തുടങ്ങിയ നേതാക്കള്‍ ജയിലിലായിരുന്നിട്ടും പദവികള്‍ തുടര്‍ന്നപ്പോള്‍ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നീക്കം.പ്രതിപക്ഷ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അവരെ നീക്കം ചെയ്യുന്നതിനായി ഭരണകക്ഷി ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
കേന്ദ്രം ജനാധിപത്യത്തെ തകര്‍ക്കാനും സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിച്ച് ജനങ്ങളുടെ വിധിയെ കൈകാര്യം ചെയ്യാനും ശ്രമിക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി ആരോപിച്ചു.പ്രതിപക്ഷത്തെ അസ്ഥിരപ്പെടുത്താനുള്ള ഏറ്റവും നല്ല മാര്‍ഗം, പ്രതിപക്ഷ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുന്നതിന് പക്ഷപാതപരമായ കേന്ദ്ര ഏജന്‍സികളെ അഴിച്ചുവിടുക എന്നതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
