വിദ്യാര്‍ഥിരാഷ്ട്രീയം നിയന്ത്രിക്കല്‍; നിലപാട് ഹൈക്കോടതിയെ അറിയിക്കാന്‍ ഗവര്‍ണര്‍

സര്‍വകലാശാലകളില്‍ വിസിമാര്‍ക്ക് നല്‍കിയ നിര്‍ദേശം അറിയിക്കും

Update: 2026-02-21 02:00 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥിരാഷ്ട്രീയം നിയന്ത്രിക്കാനായി കര്‍ശനമായ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നു. ഇതുസംബന്ധിച്ച് വൈസ് ചാന്‍സിലര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഹൈക്കോടതിയെ അറിയിക്കും. കഴിഞ്ഞ വ്യാഴാഴ്ച കൊച്ചിയില്‍ ചേര്‍ന്ന വിസിമാരുടെ യോഗത്തിലാണ് ഗവര്‍ണര്‍ ഇതുസംബന്ധിച്ച കര്‍ശന നിര്‍ദേശം നല്‍കിയത്. ഇത് എല്ലാ സര്‍വകലാശാലകള്‍ക്കും ബാധകമാക്കാമെന്ന് വിസിമാരുടെ യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാവും കോടതിയെ ഗവര്‍ണര്‍ അറിയിക്കുക.

സര്‍വകലാശാലാ ക്യാംപസുകളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ഡോ. എസ് ഗണപതിയുടെ ഹരജിയില്‍ ഫെബ്രുവരി നാലിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് ചാന്‍സിലര്‍ ഉള്‍പ്പെടേയുള്ള കക്ഷികളോട് അഭിപ്രായം തേടിയിട്ടുണ്ട്. ക്യാംപസുകളില്‍ പഠനാന്തരീക്ഷം തകര്‍ക്കുന്ന വിധത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ലെന്നും വിദ്യാര്‍ഥികള്‍ക്കായി ഏകീകൃത പെരുമാറ്റച്ചട്ടം വേണമെന്നുമാണ് കോടതിയുടെ നിരീക്ഷണം. ഇതിനായി എല്ലാ സിന്‍ഡിക്കേറ്റുകളും നടപടിയെടുക്കാനാണ് നിര്‍ദേശം. എംജി സര്‍വകലാശാല 2005ല്‍ പുറപ്പെടുവിച്ച പെരുമാറ്റച്ചട്ടം മാതൃകയാക്കാമെന്നും കോടതി നിരീക്ഷിച്ചു.

2005ല്‍ എംജി സര്‍വകലാശാല പുറപ്പെടുവിച്ച പെരുമാറ്റച്ചട്ടപ്രകാരം പഠിപ്പുമുടക്ക്, മുദ്രാവാക്യംവിളി, ധര്‍ണ, പ്രകടനം, ഉപരോധം തുടങ്ങിയവയൊന്നും പാടില്ല. ക്യാംപസില്‍ ഇതൊക്കെ അച്ചടക്കലംഘനമായി കണക്കാക്കും. പിഴ, ടിസിനല്‍കി പറഞ്ഞുവിടല്‍, പുറത്താക്കല്‍ എന്നിവയാണ് ശിക്ഷ. വസ്തുക്കള്‍ നശിപ്പിച്ചാല്‍ പിഴയും പോലിസ് നടപടിയും നേരിടേണ്ടിവരും. വിദ്യാര്‍ഥികളുടെ ആവലാതികള്‍ തീര്‍പ്പാക്കാന്‍ പരാതിപരിഹാര സംവിധാനം രൂപവത്കരിക്കണമെന്നാണ് നിര്‍ദേശം.

അതേസമയം, സര്‍വകലാശാലകളില്‍ വിദ്യാര്‍ഥിരാഷ്ട്രീയം നിയന്ത്രിക്കാനുള്ള നീക്കം ചെറുക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. ഭരണഘടനയെ നോക്കുകുത്തിയാക്കുന്നത് തുടര്‍ന്നാല്‍ ഗവര്‍ണറെ തെരുവിലിറങ്ങാന്‍ എസ്എഫ്‌ഐ സമ്മതിക്കില്ലെന്നും സഞ്ജീവ് പറഞ്ഞു.

Tags: