ഗവര്‍ണറെ അവഹേളിച്ചെന്ന്; വൈക്കം എംഎല്‍എയുടെ പിഎയ്‌ക്കെതിരേ യുവമോര്‍ച്ചയുടെ പരാതി

Update: 2022-09-21 05:49 GMT

കോട്ടയം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അവഹേളിക്കുന്ന വിധത്തില്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടെന്നാരോപിച്ച് വൈക്കം എംഎല്‍എയുടെ പിഎയ്‌ക്കെതിരെ യുവമോര്‍ച്ച പരാതി നല്‍കി. സി കെ ആശ എംഎല്‍എയുടെ പിഎയും ട്രഷറി ഉദ്യോഗസ്ഥനുമായ ആര്‍ സുരേഷിനെതിരെയാണ് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ ശ്യാംകുമാര്‍ വൈക്കം പോലിസില്‍ പരാതി നല്‍കിയത്. പരാതി കോട്ടയം സൈബര്‍ സെല്ലിന് കൈമാറിയെന്ന് വൈക്കം പോലിസ് അറിയിച്ചു.

പരാതിയുടെ പകര്‍പ്പ് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഡിജിപിക്കും അയച്ചുവെന്ന് ശ്യാംകുമാര്‍ പറഞ്ഞു. ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണറെ അപമാനിച്ച ഉദ്യോഗസ്ഥന്റെ നടപടി സര്‍വീസ് ചട്ടവിരുദ്ധമാണെന്ന് പരാതിയില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കമാണ് പരാതി നല്‍കിയത്. ധനകാര്യവകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷനിലാണ് സുരേഷ് എംഎല്‍എയുടെ പിഎയായത്. വിവാദമായതിനെ തുടര്‍ന്ന് സുരേഷ് പരാതിക്കിടയാക്കിയ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.

Tags: