ബംഗ്ലാദേശില്‍ കണ്ടെയ്‌നര്‍ ഡിപ്പോയില്‍ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം 37ആയി, 450ലധികം പേര്‍ക്ക് പരിക്ക്
ധക്ക: തെക്കുകിഴക്കന്‍ ബംഗ്ലാദേശിലെ കണ്ടെയ്‌നര്‍ ഡിപ്പോയിലുണ്ടായ സ്‌ഫോടനത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 37ആയി. 450 ലധികം പേര്‍ക്ക് പൊള്ളലേറ്റു. 20 പേരുടെ നില അതീവ ഗുരുതരമാണ്.
ഉപസിലാസില പ്രദേശത്തെ കദംറസൂലില്‍ ബിഎം കണ്ടെയ്‌നര്‍ ഡിപ്പോയിലാണ് ശനിയാഴ്ച രാത്രി തീപിടിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. ഡിഎന്‍എ പ്രൊഫൈലിങ്ങിനുശേഷമാണ് മൃതദേഹങ്ങള്‍ കൈമാറുന്നത്.
9 മണിക്കുശേഷം കൊണ്ടുവന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധത്തിലായിരുന്നു. അതുകൊണ്ടാണ് ഡിഎന്‍എ പ്രൊഫൈലിങ് വേണ്ടിവന്നതെന്ന് ചിറ്റഗോങ് മെഡിക്കല്‍ കോളജ് പോലിസ് എഎസ്‌ഐ അലാവുദ്ദീന്‍ താലൂക്ദാര്‍ പറഞ്ഞു.
ചിറ്റഗോങ് മെഡിക്കല്‍ കോളജില്‍ 68 പേരാണ് ചികില്‍സയിലുള്ളത്. മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരില്‍ അഗ്നിശമനസേനയിലെ ആറോളം ഉദ്യോഗസ്ഥരുമുണ്ട്. ഡിപ്പോയില്‍ തീ അണയ്ക്കുന്നതിനിടയിലുണ്ടായ പൊട്ടിത്തെറിയിലാണ് ഇവര്‍ക്ക് പൊള്ളലേറ്റത്.
കണ്ടെയ്‌നറുകളില്‍ സൂക്ഷിച്ചിരുന്ന ഏതെങ്കിലും രാസവസ്തുവായിരിക്കും അപകകാരണമെന്നാണ് പോലിസിന്റെ നിഗമനം.
സ്‌ഫോടനത്തില്‍ സമീപത്തെ നിരവധി കെട്ടിടങ്ങളുടെ ജനാലകള്‍ തകര്‍ന്നതായും നാലു കിലോമീറ്റര്‍ ദൂരെയുള്ള പ്രദേശങ്ങള്‍ വരെ സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഗ്‌നിശമന സേനയെത്തി തീയണക്കുന്നതിനിടെയാണ് വന്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് ശേഷം തീ കൂടുതല്‍ വ്യാപിക്കുകയായിരുന്നു. 19 ഓളം അഗ്‌നിശമനാ യൂനിറ്റുകളാണ് തീ അണയ്ക്കാമെത്തിയത്. ആറ് ആംബുലന്‍സുകളും സ്ഥലത്തുണ്ട്.
2011 മെയ് മുതല്‍ പ്രവര്‍ത്തിക്കുന്ന ഉള്‍നാടന്‍ കണ്ടെയ്‌നര്‍ ഡിപ്പോയായാണ് ബിഎം കണ്ടെയ്‌നര്‍ ഡിപ്പോ.
