കാര്‍ കൈമാറാതെ ഒന്‍പത് വര്‍ഷം; ഡീലര്‍ക്കെതിരേ ഉപഭോക്തൃ കോടതിയുടെ കര്‍ശന നടപടി, 29 ലക്ഷം നഷ്ടപരിഹാരം

Update: 2026-02-19 10:07 GMT

കാസര്‍കോട്: കാര്‍ ബുക്ക് ചെയ്ത് ഒന്‍പത് വര്‍ഷം കഴിഞ്ഞിട്ടും വാഹനം കൈമാറാതിരുന്ന ഡീലറുടെ നടപടിക്കെതിരേ ഉപഭോക്തൃ കോടതിയുടെ കര്‍ശന ഇടപെടല്‍. കാസര്‍കോട് ബേക്കല്‍ ഹദ്ദാദിലെ പ്രവാസിയായ ഹംസ കുന്നിലിന് 29.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവിട്ടത്. കാസര്‍കോട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ പുറപ്പെടുവിച്ച വിധി കേരള സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ശരിവച്ചു.

2016ലാണ് ഹംസ കുന്നില്‍ കാഞ്ഞങ്ങാട്ടെ പോപ്പുലര്‍ കാര്‍ ഷോറൂം വഴി 11.21 ലക്ഷം രൂപ നല്‍കി മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ്സ കാര്‍ ബുക്ക് ചെയ്തത്. എന്നാല്‍, നിശ്ചിത സമയത്തിനുള്ളില്‍ വാഹനം ലഭിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, കാര്‍ കൊണ്ടുവരുന്നതിനിടെ അപകടത്തില്‍പ്പെട്ടുവെന്നായിരുന്നു ഡീലറുടെ വിശദീകരണം. പുതിയ വാഹനം ലഭിക്കുന്നതു വരെ രണ്ടു ശതമാനം പലിശ നല്‍കാമെന്ന വാഗ്ദാനം ഡീലര്‍ നല്‍കിയെങ്കിലും ഹംസ അത് നിരസിച്ചു. തുടര്‍ന്ന് കേസ് ഉപഭോക്തൃ കോടതിയില്‍ എത്തിയിരുന്നു.

വാഹനത്തിനായി അടച്ച 11,19,710 രൂപ 2016 ഡിസംബര്‍ മുതല്‍ 14 ശതമാനം വാര്‍ഷിക പലിശയോടെ തിരികെ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ഇതിന് പുറമെ മാനസിക വിഷമത്തിന് മൂന്നു ലക്ഷം രൂപയും കോടതി ചെലവായി 5,000 രൂപയും നല്‍കണം. ഇങ്ങനെ ആകെ നഷ്ടപരിഹാരം 29 ലക്ഷത്തിന് മുകളിലെത്തി.

Tags: