ജനകീയനായ കോണ്‍സുല്‍ ജനറലിന് ജിദ്ദ പ്രവാസി സമൂഹത്തിന്റെ യാത്രാമംഗളം

Update: 2020-07-03 15:17 GMT

ജിദ്ദ: ദീര്‍ഘകാലം ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സേവനം അനുഷ്ഠിച്ച കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ്‌ന് ജിദ്ദ ഇന്ത്യന്‍ സമൂഹം പ്രൗഢമായ യാത്രയപ്പ് നല്‍കി.

ഇന്ത്യ ഫോറം, സഊദി ഇന്ത്യന്‍ ബിസിനെസ്സ് നെറ്റ്‌വര്‍ക്ക്, ഇന്ത്യന്‍ പില്‍ഗ്രിംസ് വെല്‍ഫെയര്‍ ഫോറം എന്നീ വിഭാഗങ്ങളുടെ കീഴില്‍ നടന്ന യാത്രയപ്പ് പരിപാടിയില്‍ ജിദ്ദയിലെ വ്യവസായ പ്രമുഖര്‍ വിവിധ കോണ്‍സുല്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, കെഎംസിസി, ഇന്ത്യ ഫ്രറ്റേര്‍നിറ്റി ഫോറം, ഒഐസിസി, നവോദയ, ഇന്ത്യന്‍ സോഷ്യല്‍ ഫോറം, തനിമ, വിഖായ, ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം, മക്ക ഹജ്ജ് വെല്‍ഫെയര്‍ ഫോറം, ആര്‍എസ്‌സി തുടങ്ങിയ സംഘടനാ നേതാക്കള്‍ സംബന്ധിച്ചു.

കോണ്‍സുലേറ്റ് പ്രവര്‍ത്തനങ്ങളിലും സൗദിയിലെ ഇന്ത്യന്‍ പ്രവാസി വിഷയങ്ങളിലും, ഹജ്ജ് കോഡിനേഷന്‍ രംഗത്തും മികവുറ്റ പ്രവര്‍ത്തനമാണ് കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ് കാഴ്ച്ചവെച്ചതെന്ന് പരിപാടിയില്‍ സംസാരിച്ച വിവിധ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

കോണ്‍സുലേറ്റ് പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ ഏകോപിപ്പിക്കാനും പ്രതിസന്ധികള്‍ സമയബന്ധിതമായി കൈകാര്യം ചെയ്യാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് മാതൃകാപരമാണെന്ന് വിവിധ കോണ്‍സുല്‍മാരും മറ്റു ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു. ബിസിനെസ്സ് രംഗത്തും ഹജ്ജ് മേഖലയിലും ഇന്ത്യയും സൗദിയും തമ്മില്‍ മികച്ച നയതന്ത്രബന്ധം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്ന് വ്യവസായ പ്രമുഖരും വിവിധ മാധ്യമ പ്രതിനിധികളും പറഞ്ഞു. കോണ്‍സുല്‍ ജനറലിന്റെ പ്രവര്‍ത്തനഫലമായി സൗദിയില്‍ യോഗക്ക് ഔദ്യോഗിക അംഗീകാരവും ലഭിച്ചു.

ജിദ്ദ സമൂഹത്തിന്റെ സ്‌നേഹത്തിനും സഹകരണത്തിനും മറുപടി പ്രസംഗത്തില്‍ അദ്ദേഹം നന്ദി പറഞ്ഞു. ജീവിതചിട്ടയും കഠിനാധ്വാനവും സമയബന്ധിതമായ ഉത്തരവാദിത്ത നിര്‍വ്വഹണവുമാണ് തന്റെ ജീവിതരഹസ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ സംഘടനകള്‍ക്ക് പ്രവര്‍ത്തന മികവിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.

ഹജ്ജ് കോണ്‍സുലും ഹെഡ് ഓഫ് കോണ്‍സുലുമായും ഖൈര്‍ ബാം സാബിര്‍, വൈസ് കോണ്‍സുല്‍മാരായ മാലതി ഗുപ്ത, ആസിഫ് സയ്ദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

നാസിര്‍, ബോബി മനാട്ട് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

Tags: