അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം; വന്യജീവി സങ്കേതത്തില്‍ നിന്നും കല്ലുകള്‍ ഖനനം ചെയ്യാന്‍ അനുമതി തേടി കോണ്‍ഗ്രസ് സര്‍ക്കാര്‍

കഴിഞ്ഞ സെപ്റ്റംബര്‍ 7 ന് ബന്‍സി പഹാര്‍പൂരില്‍ അനധികൃതമായി ഖനനം ചെയ്ത പിങ്ക് കല്ല് നിറച്ച 25 ട്രക്കുകള്‍ ഭരത്പൂര്‍ ഭരണകൂടം പിടിച്ചെടുത്തു. ഇതോടെ മുടങ്ങിയ ഖനനം നിയമവിധേയമാക്കാനാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ കേന്ദ്രത്തിന്റെ അനുമതി തേടുന്നത്.

Update: 2020-11-19 15:36 GMT

ജയ്പൂര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് പിങ്ക് നിറമുള്ള കല്ലിനു വേണ്ടി ഭരത്പൂരിലെ ബാന്‍ഡ് ബാരെത്ത വന്യജീവി സങ്കേതത്തില്‍ ഖനനം നടത്താന്‍ അനുമതി തേടി രാജസ്ഥാന്‍ സര്‍ക്കാര്‍. വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ ഖനനം നടത്താന്‍ അനുമതി നല്‍കാറില്ലെങ്കിലും രാമക്ഷേത്ര നിര്‍മാണം പ്രത്യേകമായി പരിഗണിച്ച് അനുമതി നല്‍കണമെന്നാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി 1 ലക്ഷം ക്യുബിക് അടി പിങ്ക് കല്ല് ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്. 1989ല്‍ ബാബരി മസ്ജിദില്‍ ശിലന്യാസത്തിന് അനുമതി നല്‍കിയപ്പോള്‍ തന്നെ കല്ല് സംഭരണം ആരംഭിച്ചിരുന്നു. അനുമതിയില്ലാതെ തന്നെ തുടര്‍ന്ന ഖനനം ഇടക്കു മുടങ്ങി. സുപ്രിം കോടതി വിധിക്കു ശേഷം പുനരാരംഭിച്ച കല്ല് ഖനനത്തിന് അനുമതിയില്ലാത്തതിന്റെ പേരില്‍ ഭരത്പൂര്‍ ജില്ലാ ഭരകൂടം നടപടിയെടുത്തിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 7 ന് ബന്‍സി പഹാര്‍പൂരില്‍ അനധികൃതമായി ഖനനം ചെയ്ത പിങ്ക് കല്ല് നിറച്ച 25 ട്രക്കുകള്‍ ഭരത്പൂര്‍ ഭരണകൂടം പിടിച്ചെടുത്തു. ഇതോടെ മുടങ്ങിയ ഖനനം നിയമവിധേയമാക്കാനാണ് രാജസ്ഥാന്‍ സര്‍ക്കാര്‍  കേന്ദ്രത്തിന്റെ അനുമതി തേടുന്നത്.

രാമക്ഷേത്ര നിര്‍മാണത്തിന് പിങ്ക് കല്ല് ഖനനം ചെയ്യുന്നതിന് രേഖാമൂലം അനുമതി നല്‍കിയിട്ടില്ലെന്ന് ഭരത്പൂര്‍ ജില്ലാ മജിസ്ട്രേറ്റ് നഥ്മല്‍ ഡിഡെല്‍ പറഞ്ഞു. രാജ്യത്തൊട്ടാകെ ഈ കല്ലിന് ആവശ്യക്കാര്‍ ഏറെയാണെന്നും റവന്യൂ, ഖനികള്‍, വനം വകുപ്പുകള്‍ സംയുക്തമായി നടത്തിയ സര്‍വേയ്ക്ക് ശേഷമാണ് കല്ല് ഖനനം തടയുന്നതിന് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News