ഭരണഘടനാ നിയമങ്ങള്‍ പാലിക്കണം; മെറ്റയ്ക്കും വാട്‌സാപ്പിനുമെതിരേ സുപ്രിംകോടതിയുടെ കടുത്ത നിലപാട്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയും രാജ്യത്തെ നിയമങ്ങളും പാലിക്കാന്‍ തയ്യാറാകാത്ത പക്ഷം ഇന്ത്യ വിട്ട് പോകാമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സാപ്പിനോടും അതിന്റെ മാതൃസ്ഥാപനമായ മെറ്റയോടും സുപ്രിംകോടതി വ്യക്തമാക്കി. ഇന്ത്യന്‍ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
മെറ്റയും വാട്‌സാപ്പും നടപ്പാക്കിയ 2021ലെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. പൗരന്മാരുടെ സ്വകാര്യ ഡാറ്റ മെറ്റയുമായി പങ്കുവച്ചതിനെ തുടര്‍ന്ന് വാട്‌സാപ്പിന് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ 213.14 കോടി രൂപ പിഴ വിധിച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് മെറ്റയും വാട്‌സാപ്പും സുപ്രിംകോടതിയെ സമീപിച്ചത്. ഡാറ്റ ഷെയറിങ് ഒരു സാഹചര്യത്തിലും അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതയുമായി കളിക്കാന്‍ ഒരു കമ്പനിക്കും അവകാശമില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കേസില്‍ ഫെബ്രുവരി 10നു വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു.