ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയോജക മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കുന്നതിനുള്ള കമ്മീഷന്‍ ഇന്ന് ശ്രീനഗറില്‍ എത്തും. നാല് ദിവസത്തെ സന്ദര്‍ശനത്തില്‍ ജില്ലാ അധികാരികള്‍, രാഷ്ട്രീയപാര്‍ട്ടികള്‍ എന്നിവയുടെ പ്രതിനിധികളെ നേരില്‍ കണ്ട് മണ്ഡല പുനസ്സംഘടനയെ സംബന്ധിച്ച അഭിപ്രായങ്ങള്‍ ആരായും.
മുന്‍ സുപ്രിംകോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായി അധ്യക്ഷനായ കമ്മീഷന്‍ മാര്‍ച്ച് 2020നാണ് സ്ഥാനമേറ്റത്. ജമ്മു, കശ്മീര്‍, അസം, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പുതിയ മണ്ഡലങ്ങള്‍ രൂപീകരിക്കുകയും നിലവിലുള്ള മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കലുമാണ് കമ്മീഷന്റെ ചുമതല. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.
മണ്ഡല പുനര്‍നിര്‍ണയ പ്രശ്‌നങ്ങള്‍ ജൂണ്‍ 24നു നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി വിശദീകരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലം പുനര്‍നിര്‍ണയിക്കാനാണ് പദ്ധതി.
മോദി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തങ്ങള്‍ നിരാശരാണെന്ന നാഷണല്‍ കോണ്‍ഫ്രന്‍സ്, പിഡിപി തുടങ്ങിയ പാര്‍ട്ടികളുടെ പൊതുമുന്നണിയായ ഗുപ്കര്‍ ഡിക്ലറേഷന്‍ സഖ്യത്തിന്റെ വാര്‍ത്താകുറിപ്പ് പുറത്തുവന്ന സാഹചര്യത്തിലാണ് കമ്മീഷന്‍ ശ്രീനഗറിലെത്തിയത്. തിരഞ്ഞെടുപ്പിന് മുമ്പ് കശ്മീരിന് സംസ്ഥാന പദവി വേണമെന്നാണ് രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിസ്സംഗത പുലര്‍ത്തുകയാണ്.
