മുസ് ലിംകള്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നു, സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിശബ്ദം: രാഹുല്‍ ഗാന്ധി

Update: 2024-09-01 16:58 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ് ലിംകള്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിശബ്ദമായി കണ്ടുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയാണു നിയമവാഴ്ചയെ വെല്ലുവിളിച്ചു നടക്കുന്ന അതിക്രമങ്ങള്‍ക്ക് ധൈര്യം നല്‍കുന്നത്. ഭരണഘടനയ്ക്കെതിരെ കൂടിയുള്ള അതിക്രമമാണിതെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് രാഹുല്‍ പ്രതികരിച്ചത്. വിദ്വേഷം ആയുധമാക്കി അധികാരത്തിലേറിയവര്‍ രാജ്യത്തെങ്ങും ഭീതിയുടെ വാഴ്ച തുടരുകയാണ്. ആള്‍ക്കൂട്ടത്തിന്റെ രൂപത്തില്‍ ഒളിഞ്ഞിരിക്കുന്ന വിദ്വേഷസംഘങ്ങള്‍ നിയമവാഴ്ചയെ വെല്ലുവിളിച്ച് പരസ്യമായി ആക്രമണം നടത്തുകയാണെന്ന് രാഹുല്‍ വിമര്‍ശിച്ചു.

അക്രമികള്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ക്കിതൊക്കെ ചെയ്യാന്‍ ധൈര്യം ലഭിക്കുന്നത്. ഇത്തരം അരാജകശക്തികള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊണ്ട് നിയമവാഴ്ച നടപ്പാക്കണം.ഇന്ത്യയുടെ അഖണ്ഡതയ്ക്കും ഇന്ത്യയ്ക്കാരുടെ അവകാശങ്ങള്‍ക്കുമെതിരായ ഏത് ആക്രമണവും ഭരണഘടനയ്ക്കെതിരെ കൂടിയുള്ള ആക്രമണമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഇത് ഒരു നിലയ്ക്കും അംഗീകരിക്കാനാകില്ല. ബി.ജെ.പി എന്തൊക്കെ ചെയ്താലും വിദ്വേഷത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള ചരിത്രപരമായ പോരാട്ടം നമ്മള്‍ ജയിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.




Tags: