കോഴിക്കോട് -പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ആറുവരിപാതയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തെ ഒഴിവാക്കാന്‍ ഗൂഢാലോചന; ആരോപണവുമായി ടി വി ഇബ്രാഹിം എംഎല്‍എ

Update: 2021-07-06 07:58 GMT

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ഭാരതമാല പദ്ധതിയില്‍ മലപ്പുറത്തെയും കരിപ്പൂര്‍ വിമാനത്താവളത്തേയും ഒഴിവാക്കുന്നതിന് വന്‍ കള്ളക്കളി നടന്നിട്ടുണ്ടെന്ന് കൊണ്ടോട്ടി എം.എല്‍.എ ടി.വി. ഇബ്രാഹീം. 2014 ഒക്ടോബര്‍ 25ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതും ദേശീയ പാതകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുമായ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെട്ട മലപ്പുറം മൈസൂര്‍ ബാംഗ്ലൂര്‍ പാതയുടെയും ഇതിന്റെ ഇന്റര്‍ ഫീഡര്‍ കണക്ടിവിറ്റി പാതയായ കോഴിക്കോട് -മലപ്പുറം- പാലക്കാട് പാതയുടെയും അലൈന്‍മെന്റില്‍, മലപ്പുറത്തെയും കോഴിക്കോട് വിമാനത്താവളത്തെയും അവഗണിക്കുന്നതിന് ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

''കണ്‍സള്‍ട്ടന്‍സിയായ മുംബൈയിലെ ടിപിഎഫ് എന്‍ജിനീയറിങ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് അലൈന്‍മെന്റ് റിപോര്‍ട്ടില്‍ കൃത്രിമം കാണിച്ചത്. നിലവില്‍ അംഗീകരിച്ചിട്ടുള്ള മലപ്പുറം -പാലക്കാട് ജില്ലകളുടെ കിഴക്കന്‍ മേഖലകളിലൂടെ കടന്നുപോകുന്ന പാതയോടൊപ്പം പരിഗണിച്ചിരുന്നത് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പടിഞ്ഞാറ് ഭാഗം വഴിയുള്ള പാതയായിരുന്നു. എന്നാല്‍ എല്ലാ മാനദണ്ഡങ്ങളിലും ബഹുദൂരം മുന്നില്‍ ഉള്ള ഈ പാതയെ റിപോര്‍ട്ടുകളില്‍ കൃത്രിമം നടത്തി ഫീസിബിള്‍ അല്ലാത്ത തരത്തില്‍ ആക്കി തീര്‍ക്കുകയായിരുന്നു കണ്‍സള്‍ട്ടന്‍സി ചെയ്തത്. ദേശീയപാത അതോറിറ്റിക്കും സംസ്ഥാന സര്‍ക്കാരിനും സമര്‍പ്പിച്ചിട്ടുള്ള അലൈന്‍മെന്റ് റിപോര്‍ട്ടില്‍ ക്രമക്കേടുകള്‍ നടത്തിയാണ്, പുതിയ പാതയാണ് അനുയോജ്യമെന്ന് കണ്‍സള്‍ട്ടന്‍സി പറയുന്നത്. പുതിയ പാതയുടെ സ്ഥലം ഏറ്റെടുക്കാന്‍ 190 കോടി രൂപ അനുവദിക്കുകയും കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ ഡെപ്യൂട്ടി കലക്ടര്‍മാരെ സ്ഥലമേറ്റെടുക്കുന്നതിന് ചുമതലപ്പെടുത്തുകയും ചെയ്ത ഈ പദ്ധതിക്ക് 2020 ജൂണ്‍ 12ന് കോഴിക്കോട് ജില്ലകളിലെയും ജൂണ്‍ 22ന് പാലക്കാട് ജില്ലകളിലെയും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഈ പാത ബഹുദൂരം കടന്നു പോകുന്ന മലപ്പുറം ജില്ലയിലെ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടില്ല എന്നത് ഇതിന്റ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്''.

''എയര്‍പോര്‍ട്ട് വഴിയുള്ള അലൈന്‍മെന്റ്‌നോട് സമാന്തരമായി തെക്ക് വടക്ക് ദിശയില്‍ തന്നെ നിലകൊള്ളുന്ന അരിമ്പ്ര മല ഭാഗത്ത് 12 കിലോമീറ്റര്‍ ദൂരത്തില്‍ വന്‍ ടണല്‍ വേണമെന്നാണ് ബ്ലോക്ക് കോസ്റ്റ് എസ്റ്റിമേറ്റില്‍ എഴുതിയത്. യഥാര്‍ത്ഥത്തില്‍ തെക്കു-വടക്ക് ദിശയിലേക്ക് നീങ്ങുന്നതായി കാണിക്കുന്ന പാതയ്ക്ക് സമാന്തരമായി തന്നെ നില്‍ക്കുന്ന ഈ ചെറിയ മലനിരകള്‍ തുരക്കേണ്ട യാതൊരു ആവശ്യവുമില്ല എന്നിരിക്കെയാണ് 2,500 കോടി രൂപ ബ്ലോക്ക് കോസ്റ്റ് എസ്റ്റിമേറ്റില്‍ മനപ്പൂര്‍വ്വം എഴുതിച്ചേര്‍ത്തത്. അതുപോലെ ഈ പാതയുടെ പോരാഴ്മയായി വനഭൂമി ഏറ്റെടുക്കല്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. എന്നാല്‍ തിരൂരങ്ങാടി, തിരൂര്‍, പെരിന്തല്‍മണ്ണ, പട്ടാമ്പി, ഒറ്റപ്പാലം താലൂക്ക് കളിലൂടെ കടന്നുപോകുന്ന പാതയില്‍ വനഭൂമി ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതേ സമയം കണ്‍സള്‍ട്ടന്‍സി ശുപാര്‍ശ ചെയ്ത പാത കടന്നുപോകുന്നത് അതീവ പരിസ്ഥിതി ലോല പ്രദേശമായ സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ഹൈവാല്യു കണ്‍സര്‍വേഷന്‍ ഏരിയയും ബഫര്‍ സോണും നിലനില്‍ക്കുന്ന പ്രദേശത്ത് കൂടിയാണ്.''

''അലൈമെന്റ് റിപ്പോര്‍ട്ടില്‍ ഒട്ടേറെ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച ശേഷവും എയര്‍പോര്‍ട്ട് വഴിയുള്ള പാതയെ പിന്നിലാക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ യുക്തിരഹിതമായി പാതയെ രണ്ടായി മുറിക്കുകയും റിലേറ്റീവ് മാര്‍ക്ക് കണക്കാക്കിയ പട്ടികയില്‍ 14 ഇടത്ത് കൃത്രിമം കാണിക്കുകയും ചെയ്താണ് കണ്‍സള്‍ട്ടന്‍സി അട്ടിമറി നടത്തിയത്. മാര്‍ക്ക് കണക്കാക്കിയ പട്ടികയില്‍ വലിയ പാലങ്ങള്‍ ആറും ചെറിയ പാലങ്ങള്‍ പതിനെട്ടും എന്ന് ചേര്‍ക്കേണ്ട സ്ഥാനത്ത് പരസ്പരം മാറ്റി ചേര്‍ത്തത് വഴി അധികമായി 17 മാര്‍ക്കാണ് ശുപാര്‍ശ ചെയ്യപ്പെട്ട അലൈന്‍മെന്റിന് എഴുതി ചേര്‍ത്തിരിക്കുന്നത്. കണ്‍സള്‍ട്ടന്‍സി തന്നെ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പ്രകാരം പോലും ഒന്നാം സ്ഥാനത്തെത്താന്‍ സാധ്യത ഇല്ലായിരുന്ന ഒരു അലൈന്‍മെന്റ്‌ന് സ്ഥാപിത താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിന് വഴിവിട്ട ഇടപെടല്‍ നടത്തുകയാണ് ചെയ്തത്. കരിപ്പൂര്‍ വിമാനത്താവളം വഴി വരുമായിരുന്ന അന്താരാഷ്ട്ര നിലവാരുള്ള ഈ റോഡ് ബേപ്പൂര്‍ തുറമുഖവുമായി എയര്‍ പോര്‍ട്ടിനെ ബന്ധിപ്പിക്കുന്ന ഏറ്റവും മികച്ച അലൈന്‍മെന്റാകുമായിരുന്നതാണ് കണ്‍സള്‍ട്ടന്‍സി അട്ടിമറിച്ചിരിക്കുന്നത്. ഇത്തരത്തില്‍ അലൈന്‍മെന്റ് വഴിതിരിച്ച് വിടുക വഴി ബാംഗ്ലൂര്‍- മൈസൂര്‍- മലപ്പുറം സാമ്പത്തിക ഇടനാഴി മലപ്പുറത്തേക്ക് വരാതിരിക്കാന്‍ കൂടിയാണ് ഗൂഢാലോചന നടത്തിയിരിക്കുന്നത് എന്ന് വ്യക്തമായിരിക്കുകയാണ്- മലപ്പുറത്തോടും കേരളത്തിലെ ഏക പൊതുമേഖലാ വിമാനത്താവളമായ കോഴിക്കോടിനോടും കാണിച്ച അവഗണനക്കെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നു വരണമെന്ന് എംഎല്‍എ അഭ്യര്‍ത്ഥിച്ചു. കേരള സര്‍ക്കാര്‍ അടിയന്തരമായി ഈ കാര്യത്തില്‍ ഇടപെടണമെന്നും അലൈന്‍മെന്റിലെ തിരിമറി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.