കണക്റ്റിവിറ്റി വര്‍ധിപ്പിക്കണം; ഡിജിറ്റല്‍ ഡിവൈഡിനെതിരേ സുപ്രിംകോടതി ചീഫ് ജസ്റ്റിസും
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ പ്രദേശങ്ങള്‍ തമ്മിലുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. കണക്റ്റിവിറ്റിയുടെ കുറവ് കൊണ്ട് കോടതി നടപടികള്‍ പോലും തടസ്സപ്പെടുത്തുകയാണെന്ന് അദ്ദേഹം ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദിനോട് ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് ഡിജിറ്റല്‍ ഡിവൈഡ് സുപ്രധാനമായ പ്രശ്‌നമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ജൂണ്‍ 8 ാം തിയ്യതി നിയമ മന്ത്രാലയത്തിനയച്ച കത്തിലാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഈ ആവശ്യം ഉയര്‍ത്തിയത്.
വിവിധ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുമായുള്ള ബന്ധം പോലും ശരിയായ രീതിയില്‍ നടത്താനാവുന്നില്ല. നഗര, ഗ്രാമപ്രദേശങ്ങളിലുള്ള കോടതികളില്‍ കൊവിഡ് കാലത്ത് ഈ പ്രശ്‌നം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം എഴുതി.
കോടതികളില്‍ ഹാജരാവുന്ന അഭിഭാഷകര്‍ക്കും വേണ്ട രീതിയില്‍ കോടതികളില്‍ ഹാജരാവാന്‍ കഴിയുന്നില്ല. രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്ന ജൂനിയര്‍ അഭിഭാഷകര്‍ക്ക് ധനസഹായം ചെയ്യണം. ജൂഡീഷ്യല്‍ സംവിധാനം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നത് സുപ്രധാനമാണെന്ന് പറയേണ്ടതില്ല. ദേശീയ ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പറേഷന്‍ പദ്ധതികള്‍ അതിന്റെ അവസാന ഘട്ടത്തിലാണെന്നും എത്രയും പെട്ടെന്ന് വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.