മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ അന്തരിച്ചു

Update: 2020-12-21 10:48 GMT

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ (93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് ഡല്‍ഹിയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒക്ടോബറില്‍ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും സുഖം പ്രാപിച്ച ശേഷം ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

മോത്തിലാല്‍ വോറ ദീര്‍ഘകാല കോണ്‍ഗ്രസ് നേതാവായിരുന്നു, ഗാന്ധി കുടുംബവുമായി വളരെ അടുത്തയാളായിരുന്നു അദ്ദേഹം. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ വോറ ഇടക്കാല അധ്യക്ഷനാവുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏപ്രില്‍ വരെ ഛത്തീസ്ഗഢില്‍ നിന്നുള്ള രാജ്യസഭാംഗമായിരന്നു. അടുത്തിടെ വരെ എഐസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. 1993 മുതല്‍ 1996 വരെ ഉത്തര്‍പ്രദേശ് ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനായിരുന്ന മോത്തിലാല്‍ വോറ 1968ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 1985 മുതല്‍ 1988 വരെയുള്ള കാലയളവിലാണ് മോത്തിലാല്‍ വോറ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നത്.