ആര്‍എസ്എസ് പരാമര്‍ശം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണം; സുധാകരനെതിരേ രൂക്ഷവിമര്‍ശനവുമായി എം കെ മുനീര്‍

Update: 2022-11-14 05:13 GMT
ആര്‍എസ്എസ് പരാമര്‍ശം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണം; സുധാകരനെതിരേ രൂക്ഷവിമര്‍ശനവുമായി എം കെ മുനീര്‍

കോഴിക്കോട്: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീര്‍ രംഗത്ത്. സുധാകരന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവുന്നില്ല. സുധാകരന്റെ ന്യായീകരണം ഉള്‍ക്കൊള്ളാന്‍ മുസ്‌ലിം ലീഗിനായിട്ടില്ലെന്ന് മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണം. ആര്‍എസ്എസ് ചിന്തയുള്ളവര്‍ പാര്‍ട്ടി വിട്ട് പോവണമെന്നാണ് രാഹുല്‍ഗാന്ധി പറഞ്ഞിട്ടുള്ളത്. സുധാകരന്റെ പരാമര്‍ശം വളരെ നേരിട്ടായിപ്പോയി.

ആര്‍എസ്എസ്സിനെ ന്യായീകരിക്കുന്ന ഒരു സൂചന പോലും സുധാകരന്‍ നല്‍കരുതായിരുന്നു. മറ്റുള്ളവര്‍ക്ക് ആയുധം കൊടുക്കേണ്ട സമയമല്ല ഇതെന്നും മുനീര്‍ കുറ്റപ്പെടുത്തി. 'ഞങ്ങള്‍ക്ക് ആകെയുള്ള പ്രതീക്ഷ രാഹുല്‍ ഗാന്ധി പറഞ്ഞ വാക്കാണ്. ആര്‍എസ്എസ് ചിന്താഗതി ആര്‍ക്കെങ്കിലും മനസ്സിലുണ്ടെങ്കില്‍ അവര്‍ക്ക് പാര്‍ട്ടി വിട്ടുപോവാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യം കോണ്‍ഗ്രസാണ് പരിശോധിക്കേണ്ടതും നടപടി വേണോയെന്ന് തീരുമാനിക്കേണ്ടതും.

പൊതുവിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയരുത്. മുന്നണിയിലും പാര്‍ട്ടിയിലും കൂടിയാലോചന ഇല്ലാത്തതിനാലാണ് ഇത് സംഭവിക്കുന്നത്'- മുനീര്‍ പറഞ്ഞു. വിവാദപ്രസ്താവനയില്‍ കെ സുധാകരനുമായി നേരിട്ട് സംസാരിച്ച് മുനീര്‍ അതൃപ്തി അറിയിച്ചിരുന്നുവെന്നാണ് വിവരം. കെഎസ്‌യു പ്രവര്‍ത്തകനായിരുന്ന കാലത്ത് ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ അയച്ചിട്ടുണ്ടെന്ന സുധാകരന്റെ പരാമര്‍ശമാണ് വിവാദത്തിന് വഴിവച്ചത്.

Tags: