ദിസ്പുര്‍: അസമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തിരിച്ചടി. അസമിലെ നഗാവില്‍ നിന്നുള്ള ലോക്സഭാ എംപി പ്രദ്യുത് ബോര്‍ദോലോയ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് 24 മണിക്കൂറിനുള്ളിലാണ് പ്രദ്യുത് ബിജെപിയില്‍ ചേര്‍ന്നത്. അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയുടെയും അസം ബിജെപി പ്രസിഡന്റ് ദിലീപ് സൈകിയയുടെയും സാന്നിധ്യത്തിലായിരുന്നു ലോക്‌സഭ എംപിയായ പ്രദ്യുത് ബോര്‍ദോലോയ് ബിജെപി അംഗത്വം സ്വീകരിച്ചത്. രണ്ട് തവണ നാഗോണില്‍ നിന്നുള്ള എംപിയും തരുണ്‍ ഗൊഗോയ് സര്‍ക്കാരിലെ മുന്‍ മന്ത്രിയുമാണ് ബോര്‍ദോലോയ്.
സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് വെറും 20 ദിവസം മാത്രം ബാക്കി നില്‍ക്കെ ഒരു സിറ്റിങ് എംപി ബിജെപിയില്‍ ചേര്‍ന്നത് സംസ്ഥാന കോണ്‍ഗ്രസിനെ കനത്ത പ്രഹരമാണ് നല്‍കിയിരിക്കുന്നത്. അസം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ഭൂപന്‍ കുമാര്‍ ബോറ ബിജെപിയില്‍ ചേര്‍ന്നതിന് ഒരു മാസത്തിനുള്ളിലാണ് ഈ തിരിച്ചടി. അസമില്‍ കോണ്‍ഗ്രസിന് ആകെ മൂന്ന് ലോക്‌സഭാ എംപിമാരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാളായ പ്രദ്യുത് ബോര്‍ദോലോയ് പാര്‍ട്ടി വിടുന്നതോടെ ലോക്‌സഭയിലും പ്രതിപക്ഷത്തിന് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവരിക എന്നത് തന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്ന് പ്രദ്യുതും പറഞ്ഞു. പതിനാറാം വയസില്‍ പാര്‍ട്ടിയുടെ ഭാഗമായതാണ്. തന്റെ ജീവിതം ഇത്തരത്തില്‍ മാറിമറിയാന്‍ കാരണമായത് പാര്‍ട്ടിയാണ്. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ നിന്ന് നേരിട്ടത് കടുത്ത അപമാനമാണ്. അരികുവത്ക്കരിക്കപ്പെടുകയും ചെയ്തു. അസമിലെ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നതിന് വേണ്ടിയാണ് ബിജെപിയില്‍ ചേര്‍ന്നത്.
ചൊവ്വാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് അയച്ച രാജിക്കത്തില്‍ അതിരറ്റ ദുഃഖത്തോടെ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും, പദവികളില്‍ നിന്നും, പ്രാഥമിക അംഗത്വത്തില്‍ നിന്നും ഞാന്‍ രാജിവയ്ക്കുന്നുവെന്ന് പ്രദ്യുത് ബോര്‍ദോലോയ് വ്യക്തമാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം പ്രദ്യുതിന് നല്‍കിയിരുന്നു.
