സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ നെഹ്രു ത്രിവര്‍ണപതാകയുമായി നില്‍ക്കുന്ന പ്രൊഫൈല്‍ ചിത്രവുമായി കോണ്‍ഗ്രസ് നേതാക്കള്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രമാക്കിയത് ദേശീയപതാകയുമായി നില്‍ക്കുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ചിത്രം. പ്രഫൈല്‍ ചിത്രമായി ദേശീയപതാക ഉപയോഗിക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തോടുളള പ്രതികരണമായാണ് നേതാക്കള്‍ ചിത്രം മാറ്റിയത്.
ആഗസ്ത് രണ്ട് മുതല്‍ 15വരെ പ്രഫൈല്‍ ചിത്രമായി ത്രിവര്‍ണ പതാക ഉപയോഗിക്കണമെന്നായിരുന്നു മോദിയുടെ ഉപദേശം.
രാഹുല്‍ഗാന്ധി, സോണിയാഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, പാര്‍ട്ടി ഔദ്യോഗിക ട്വിറ്റര്‍ പേജ് തുടങ്ങിയവയിലെല്ലാം നെഹ്രുവിന്റെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തന്റെ കുടുംബത്തിന് പുറത്തുനിന്നുളള ഒരാളെ തങ്ങളുടെ പ്രൊഫൈല്‍ ചിത്രമാക്കാന്‍ രാഹുല്‍ അനുവദിക്കണമെന്ന് ബിജെപി പരിഹസിച്ചു.
'ത്രിവര്‍ണപതാക നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്, ത്രിവര്‍ണപതാക ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലാണ്''- രാഹുല്‍ ട്വീറ്റ് ചെയ്തു.
52 വര്‍ഷമായി നാഗ്പൂരിലെ ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്താത്ത സംഘടന ത്രിവര്‍ണപതാക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രമാക്കാനുള്ള പ്രധാനമന്ത്രിയുടെ സന്ദേശം പാലിക്കുമോയെന്ന് ജയറാം രമേഷ് പ്രധാനമന്ത്രിയെ പരിഹസിച്ചു.