മുഖ്യമന്ത്രി നവോത്ഥാന നായകനായിരുന്നുവെങ്കില്‍ മകളെ പട്ടികജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു: കൊടിക്കുന്നില്‍

പട്ടിക ജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചു. മറ്റു മന്ത്രിമാരുടെ ഓഫിസുകളില്‍ അത്തരം നിയന്ത്രണമില്ല.

Update: 2021-08-28 07:31 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാന നായകനായിരുന്നു എങ്കില്‍ മകളെ ഒരു പട്ടികജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു എന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്. എസ്‌സി എസ്ടി ഫണ്ട് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദലിത് ആദിവാസി നേതാക്കളുടെ പ്രതിഷേധത്തിനിടെയാണ് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പരാമര്‍ശം.

മുഖ്യമന്ത്രിയുടെ നവോത്ഥാന പ്രസംഗം തട്ടിപ്പാണ്. ശബരിമലയ്്ക്ക് ശേഷം അദ്ദേഹം നവോത്ഥാന നായകനായി. നവോത്ഥാന നായകനായിരുന്നുവെങ്കില്‍ അദ്ദേഹം മകളെ ഒരു പട്ടിക ജാതിക്കാരന് കെട്ടിച്ച് കൊടുക്കണമായിരുന്നു. പാര്‍ട്ടിയില്‍ പട്ടികജാതിക്കാരായ എത്രയോ നല്ല ചെറുപ്പക്കാരുണ്ട.

പട്ടിക ജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചു. മറ്റു മന്ത്രിമാരുടെ ഓഫിസുകളില്‍ അത്തരം നിയന്ത്രണമില്ല. രണ്ടാം പിണറായി സര്‍ക്കാറില്‍ കെ രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കി നിയമിച്ചത് വലിയ നവോത്ഥാനമാക്കി ഉയര്‍ത്തിക്കാട്ടി. സംസ്ഥാനത്തെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ വലിയ തോതില്‍ പീഡിപ്പിക്കപ്പെട്ട കാലമായിരുന്നു കഴിഞ്ഞ ഒന്നാം പിണറായി സര്‍ക്കാരിന്റേത്. മന്ത്രിസഭാ രൂപീകരണത്തില്‍ പോലും അത് കണ്ടു. അതിനുശേഷമുളള ഉദ്യോഗസ്ഥ നിയമനത്തിലും പിഎസ്‌സി നിയമനത്തില്‍പോലും തുടര്‍ച്ചയായി പട്ടികജാതിക്കാരെ അവഗണിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറ്ഞ്ഞു.

ഇതേകുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിലും അദ്ദേഹം നിലപാട് ആവര്‍ത്തിച്ചു. നവേത്ഥാന നായകനായി പ്രത്യക്ഷപ്പെടുകയും അതിനുവേണ്ടി പ്രചാരണം നടത്തുകയും ചെയ്ത ഭരണാധികാരി എന്ന നിലയില്‍, സ്വന്തം കുടുംബത്തില്‍ അത് നടപ്പിലാക്കണമെന്നായിരുന്നു എന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Tags:    

Similar News