സ്വത്തുക്കള്‍ സംബന്ധിച്ച് ഏത് ഏജന്‍സിക്കും അന്വേഷിക്കാമെന്ന് ജി സുധാകരന്‍

Update: 2026-04-18 07:09 GMT

തിരുവനന്തപുരം: സ്വത്തുക്കള്‍ സംബന്ധിച്ച് ഏത് ഏജന്‍സിക്കും അന്വേഷിക്കാമെന്ന് ജി സുധാകരന്‍.സജിയെയും സലാമിനെയും നയിക്കുന്നത് ക്രിമിനല്‍ ഫിലോസഫിയാണെന്നും ഭീഷണി, ഭയപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയാണ് ഇവരുടെയും പ്രസ്താവനകളില്‍ ഉള്ളതെന്നും ജി സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജി സുധാകരന്റെ കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

ഒരാഴ്ച മുമ്പ് ഏപ്രില്‍ 11ന് മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ശ്രീ. സജി ചെറിയാനും, എംഎല്‍എയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ശ്രീ എച്ച് സലാമും എന്നെ ആക്ഷേപിച്ചു കൊണ്ട് പ്രസ്താവന ഇറക്കിയിരുന്നു. രണ്ടുപേരും കൂടിയാലോചിച്ച് അവരുടെ പൊളിറ്റിക്കല്‍ ക്രിമിനല്‍ ഫിലോസഫിക്ക് അനുസൃതമായിട്ടാണ് ഒരേ ദിവസം പ്രസ്താവന ഇറക്കിയത്.

സഖാവ് കൃഷ്ണപിള്ള സ്മാരകം തകര്‍ക്കാന്‍ സജി ചെറിയാനോടൊപ്പം ഞാനും ഉണ്ടായിരുന്നു എന്നാണ് പത്രത്തില്‍ കണ്ടത്. അതിനര്‍ത്ഥം അദ്ദേഹം ഉറപ്പായും അതിനുണ്ടായിരുന്നെന്ന് സ്വയം അവകാശപ്പെടുന്നതാ യി എല്ലാവര്‍ക്കും മനസ്സിലാകും. ഞാന്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ലെന്നും ഉണ്ടാകില്ലെന്നും ഏവര്‍ക്കും അറിയാം.

എനിക്ക് എന്റെ എംഎല്‍എ പെന്‍ഷനും 10 വര്‍ഷ മന്ത്രി ശമ്പളവും ആണ് ചിലവ് കഴിച്ചു സമ്പാദ്യം. എന്റെ ഭാര്യയ്ക്ക് 31 വര്‍ഷം കോളേജ് അധ്യാപിക എന്ന നിലയ്ക്ക് സര്‍വീസില്‍ യുജിസി ശമ്പളവും പെന്‍ഷനും ഒപ്പം അവര്‍ക്ക് ലഭിച്ച ഗ്രാറ്റിവിറ്റി, പ്രൊവിഡന്റ് ഫണ്ട് എന്നിവയാണ് സമ്പാദ്യം. ഞങ്ങളുടെ സമ്പാദ്യങ്ങള്‍ മകന്റെ പേരില്‍ നിക്ഷേപിക്കുകയോ മാറ്റിക്കൊടുക്കുകയോ ചെയ്യുന്നത് ഞങ്ങളുടെ മൗലിക അവകാശമാണ്. സ്വകാര്യത ഭരണഘടനയിലെ മൗലിക അവകാശമാണ് എന്നുകൂടി അറിയിക്കട്ടെ. ഏക മകന്‍ 19 വര്‍ഷമായി പ്രവാസിയാണ്. അതിലുള്ള സമ്പാദ്യം അവനും ഭാര്യക്കും ഉണ്ട്.

മേല്‍പ്പറഞ്ഞ രണ്ടു ചങ്ങാതികളുടെ സ്വത്തുക്കളെ പറ്റിയും ഞങ്ങളുടെ സ്വത്തുക്കളെ പറ്റിയും അന്വേഷണ ഏജന്‍സികള്‍ക്ക് അന്വേഷിക്കാവുന്നതാണ്.

മറ്റൊരു ഭീഷണി എനിക്കെതിരെ ഓരോന്നോരോന്നായി ഇറക്കുമെന്നാണ്. തീര്‍ന്നില്ല, ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് മാറിയതോടുകൂടി പാര്‍ട്ടിയുടെ വലിയൊരു ഭാരം ഒഴിഞ്ഞു എന്നാണ് മറ്റൊന്ന്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ചെറിയാനും, സലാമും കൂട്ടാളികളും നടത്തിയ ക്രിമിനല്‍ ഗൂഢാലോചനകളും ആക്ഷേപങ്ങളും എന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്തു തള്ളാനുള്ള ശ്രമങ്ങള്‍ ആയിരുന്നു എന്ന് ഇപ്പോള്‍ ഈ ''ഭാരമൊഴിയല്‍'' പ്രയോഗം വഴി വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയ ക്രിമിനല്‍ കുറ്റങ്ങള്‍ അവര്‍ ഓരോന്നായി വിളംബരം ചെയ്യുകയാണ്. പാര്‍ലമെന്റിലെ തിരിച്ചടി, പഞ്ചായത്തിലെ തിരിച്ചടി, ഇനി നാലാം തീയതി ബാക്കിയുള്ള തിരിച്ചടി.

ഭീഷണി, ഭയപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയാണ് ഇവരുടെ പ്രസ്താവനകളില്‍ ഉള്ളത്. നിയമവിരുദ്ധമായി ആളുകളുടെ മൗലിക അവകാശമായ സ്വകാര്യതയിലും ജീവിതത്തിലും ഇടപെട്ടാല്‍ ഗുരുതരമായ നിയമ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഇവര്‍ ഓര്‍ത്താല്‍ കൊള്ളാം. അവരുടെ ഭാഷയില്‍ ഒരു മറുപടിയും നല്‍കാന്‍ ആഗ്രഹിക്കുന്നില്ല.

Tags: