'മോദിയുടെ സര്‍ട്ടിഫിക്കറ്റ് കോണ്‍ഗ്രസിന് വേണ്ട, തിരഞ്ഞെടുപ്പില്‍ ബിജെപിക്കുള്ളത് വര്‍ഗീയ അജണ്ട'; വി ഡി സതീശന്‍

Update: 2026-01-23 14:20 GMT

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവനന്തപുരത്തെ പ്രസംഗത്തിനെതിരേ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് വ്യക്തമായെന്നും കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തില്‍ വരാനും ഔദോഗിക പരിപാടികളിലും പാര്‍ട്ടി പരിപാടികളിലും പങ്കെടാക്കാനുമുള്ള എല്ലാ അവകാശവുമുണ്ട്. എന്നാല്‍, മഹാരഥന്മാര്‍ ഇരുന്ന പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന് പച്ചയ്ക്ക് വര്‍ഗീയത വിളിച്ചുപറയുന്നത് ആപത്കരമാണ്. അത് ഇന്ത്യയെന്ന മഹനീയമായ ആശയത്തേയും രാജ്യത്തിന്റെ മൂല്യങ്ങളേയും വികലമാക്കുന്നതിന് തുല്യമാണ്.

വികസന നേട്ടങ്ങള്‍ ഒന്നും പറയാനില്ല. രാജ്യത്തിന്റെ ഭാവിയെ കുറിച്ചോ കേരളത്തിന്റെ മുന്‍ഗണനാ ക്രമങ്ങളെ കുറിച്ചോ പറയാന്‍ നാവനക്കിയില്ല. പകരം പറയുന്നത് വര്‍ഗീയത മാത്രം. കേരളത്തില്‍ ബിജെപിയുടേയും സംഘ്പരിവാറിന്റേയും തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി. പക്ഷെ ഇത് മതേതര കേരളമാണെന്ന് മോദിക്കും ബിജെപിക്കും ഉടന്‍ ബോധ്യമാകും. പല സംസ്ഥാനങ്ങളിലും പയറ്റുന്ന വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷ പ്രചരണവും കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റേയും ലീഗിന്റേയും യുഡിഎഫിന്റേയും മുന്‍ഗണനാ പട്ടികയില്‍ ആദ്യത്തേത് മതേതരത്വം സംരക്ഷിക്കുക എന്നതാണ്. വര്‍ഗീയ ശക്തികളെ ഈ മണ്ണില്‍ കുഴിച്ചുമൂടാനും മതേതരത്വം സംരക്ഷിക്കാനും ഏതറ്റംവരേയും പോകും. നാല് വോട്ടിനു വേണ്ടിയോ ഒരു തിരഞ്ഞെടുപ്പ് ജയിക്കാനോ വര്‍ഗീയതയെ താലോലിക്കുന്ന നെറികെട്ട നയം കോണ്‍ഗ്രസിനോ യുഡിഎഫിനോ ഇല്ല. കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും മതേതര കാഴ്ചപ്പാടിന് നരേന്ദ്ര മോദിയുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം ഉടനുണ്ടാകുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. ജനുവരി 27ന് കെപിസിസി തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. എംപിമാര്‍ മല്‍സരിക്കണോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയുണ്ടാകും. ട്വന്റി ട്വന്റിയിലേക്ക് പോയ കോണ്‍ഗ്രസുകാര്‍ തിരികെവരുമെന്നും സതീശന്‍ പറഞ്ഞു.

Tags: