കോണ്‍ഗ്രസിന് കനത്ത തിരിച്ചടി: പശ്ചിമ ബംഗാളിള്‍ പാര്‍ട്ടി എംപി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബിജെപിയെ നേരിടാനായി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി നൂര്‍ പറഞ്ഞു

Update: 2019-01-28 17:50 GMT
കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിനല്‍കി പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് എംപി മൗസം ബേനസീര്‍ നൂര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മാല്‍ഡ ഉത്തര്‍ നിയോജക മണ്ഡലത്തില്‍നിന്നുള്ള എംപിയുടെ നീക്കം പാര്‍ട്ടി നേതൃത്വത്തേയും അണികളേയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് അവര്‍ തൃണമൂല്‍ അംഗത്വം സ്വീകരിച്ചത്. ബിജെപിയെ നേരിടാനായി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി നൂര്‍ പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഗൗരവമായി കാണുന്നത് മമതയാണെന്നും ബംഗാളിലെ ജനങ്ങളുമായി ചേര്‍ന്ന് സംസ്ഥാനത്തിന്റെ വികസനത്തിനായി അവര്‍ പരിശ്രമിക്കുന്നുവെന്നും നൂര്‍ വ്യക്തമാക്കി.പറഞ്ഞു. അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എബിഎ ഗനി ഖാന്‍ ചൗധരിയുടെ അനന്തരവളാണ് നൂര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് നേതാക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
Tags: