പത്തനംതിട്ട: കൊറ്റനാട് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളി. സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മേലേതിന് പരിക്കേറ്റു.
കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം പ്രഫ. പി ജെ കുര്യന്‍, ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് കൈയാങ്കളി ഉണ്ടായത്. സിപിഐ അംഗം മനോജ് ചരളേല്‍ ദേവസ്വം ബോര്‍ഡ് അംഗമായതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവില്‍ മേയ് 17നാണ് തെരഞ്ഞെടുപ്പ്.
യോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഏഴാംവാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കഴിഞ്ഞതവണ വിമതനായി മത്സരിച്ചതിന്റെ പേരില്‍ പുറത്താക്കിയ ആളെ മത്സരിപ്പിക്കാനുള്ള നീക്കമാണ് ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്. പി ജെ കുര്യന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെന്ന പേരില്‍ പ്രവര്‍ത്തകരില്‍ ഒരുവിഭാഗം അദ്ദേഹത്തിനെതിരെ തിരിഞ്ഞു. കൈയാങ്കളിയെ തുടര്‍ന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പെരുമ്പെട്ടി പോലിസില്‍ പരാതി നല്‍കി.
മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, മുന്‍ ജില്ല പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ശോശാമ്മ തോമസ്, ഡി.സി.സി ജനറല്‍ സെക്രട്ടറി സതീഷ് പണിക്കര്‍, ബ്ലോക്ക് പ്രസിഡന്റ് പ്രകാശ് കുമാര്‍ ചരളേല്‍ തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു.
