ജപ്തി നടപടികള്‍ നീതിക്ക് നിരക്കാത്തത്: മൗലാനാ പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി

Update: 2023-01-22 15:07 GMT

ഓച്ചിറ: ഹൈക്കോടതിയുടെ ഉത്തരവിന്റെ പേരില്‍ കേരള സര്‍ക്കാര്‍ മുന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ നടപ്പാക്കുന്ന ജപ്തി നടപടികള്‍ നീതിക്ക് നിരക്കാത്തതാണെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരളാ അധ്യക്ഷന്‍ മൗലാനാ പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി പ്രസ്താവിച്ചു. കോടിക്കണക്കിന് രൂപയുടെ സ്ഥാവരജംഗമവസ്തുക്കള്‍ നശിപ്പിച്ച പല ഹര്‍ത്താലുകളും ഇതിന് മുമ്പും കഴിഞ്ഞുപോയിട്ടും അതിലൊന്നും കാണിക്കാത്ത ഒരു തിടുക്കം ഇതില്‍ കാണിക്കുന്നത് ഇന്ത്യാ മഹാരാജ്യത്തിന്റെ ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും പോറലേല്‍പ്പിക്കുന്നതാണ്.

പൊതുമുതല്‍ നശിപ്പിക്കുന്നത് അത് ആരാണെങ്കിലും കടുത്ത കുറ്റം തന്നെയാണ്. എന്നാല്‍, ഒരു പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യമാക്കി നിയമനടപടികളും ജപ്തി നടപടികളും നടത്തുന്നത് ഒട്ടും നീതികരിക്കാനാവുന്നതല്ല. മാത്രമല്ല, സാംസ്‌കാരിക കേരളത്തില്‍ ഒരു പ്രത്യേക വിഭാഗത്തെ അപരവല്‍ക്കരിക്കുന്നതിന് ഇതിടയാക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.

Tags: