സ്വത്ത് കണ്ടുകെട്ടല്‍: ഉദ്യോഗസ്ഥരുടെ നടപടി സര്‍ക്കാര്‍ വിരുദ്ധ വികാരം വളര്‍ത്താനുള്ള ഗൂഢാലോചന- ഐഎന്‍എല്‍

Update: 2023-01-23 13:45 GMT

കോഴിക്കോട്: കോടതിയുത്തരവിന്റെ മറവില്‍ നിരപരാധികളും നേരത്തെ മരിച്ചുപോയവരുമുള്‍പ്പടെയുള്ളവര്‍ക്കെതിരേ എടുത്ത അന്യായമായ നടപടികള്‍ പുനപ്പരിശോധിക്കണമെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരേ കോടതിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണ്. എന്നാല്‍, പ്രതികള്‍ക്കോ നടപടിക്ക് വിധേയമാവുന്നവര്‍ക്കോ നോട്ടീസ് പോലും നല്‍കേണ്ടതില്ലെന്ന കോടതി നിലപാട് നീതി രഹിതവും ജനാധിപത്യവിരുദ്ധവുമാണ്.

ഈ സവിശേഷമായ കോടതിയുത്തരവിന്റെ മറവില്‍ നിരപരാധികളും ഹര്‍ത്താലിന് മാസങ്ങള്‍ക്കുമുന്നെ മരിച്ചുപോയവരുമായവരുടേതടക്കമുള്ള വീടുകള്‍ ജപ്തി ചെയ്തുകൊണ്ട് ചില ഉദ്യോഗസ്ഥര്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ ജനവികാരമുയര്‍ത്താന്‍ യുഡിഎഫ്, ബിജെപി കക്ഷികളുടെ ചട്ടുകമായി പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ജപ്തി നടപടി സ്വീകരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയവരുടെയും നടപ്പാക്കിയവരുടെയും രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണെന്നും ഹര്‍ത്താലിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പിച്ച സമാനമായ മുഴുവന്‍ കേസുകളിലും ഈ നിയമം നടപ്പാക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയാണ് വേണ്ടതെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കെ പി ഇസ്മയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍ കെ അബ്ദുല്‍ അസീസ്, ഒ പി ഐ കോയ, സി എച്ച് മുസ്തഫ, അഡ്വ.മനോജ് സി നായര്‍, അഡ്വ.ഒ കെ തങ്ങള്‍, അഡ്വ.ജെ തംറൂക്, എ എല്‍ എം കാസിം, സമദ് നരിപ്പറ്റ, ശര്‍മദ് ഖാന്‍, ടി എം ഇസ്മായില്‍ സംസാരിച്ചു.

Tags: