ദരിദ്രരെ കണ്ടെത്താന്‍ സംസ്ഥാനത്ത് സര്‍വേ നടത്തുന്നു; അതിദാരിദ്ര്യ നിവാരണ മാര്‍ഗരേഖക്ക് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ അതിദാരിദ്ര്യത്തില്‍ ഉഴറുന്ന കുടുംബങ്ങളെ കണ്ടെത്താന്‍ വിപുലമായ സര്‍വേ നടത്തുന്നു. നാലരമാസം കൊണ്ട് സര്‍വേ പൂര്‍ത്തിയാക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേരളത്തില്‍ നിലവിലുള്ള അതി ദരിദ്രകുടുംബങ്ങളെ കണ്ടെത്താനും അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനുമുള്ള അതിദാരിദ്ര്യ നിവാരണ യജ്ഞത്തിന് വേണ്ടിയുള്ള മാര്‍ഗരേഖ മന്ത്രിസഭ അംഗീകരിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും നോഡല്‍ ഓഫിസറെ മന്ത്രിസഭായോഗം നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
അതി ദാരിദ്ര്യത്തിലുഴറുന്നവരെ കണ്ടെത്താനുള്ള മൈക്രോപ്ലാന്‍ സര്‍ക്കാര്‍ തയാറാക്കി കഴിഞ്ഞു. പൈലറ്റ് സര്‍വേ നടത്തി പിഴവുകള്‍ പരിഹരിച്ചാണ് വിപുലമായ സര്‍വേയിലേക്ക് സര്‍ക്കാര്‍ പോവുക. പങ്കാളിത്ത രീതിയില്‍ ഉപഭോക്താക്കളെ കണ്ടെത്തും. സംസ്ഥാനതലത്തില്‍ സര്‍വേ എകോപിപ്പിക്കാനും പദ്ധതി ക്ഷമത മോണിറ്റര്‍ ചെയ്യുന്നതിനും നോഡല്‍ ഓഫിസര്‍ നേതൃത്വം നല്‍കുന്ന സമിതി ഉണ്ടാവും. തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡുതലത്തിലും ഏകോപന സമിതികള്‍ ഉണ്ടാവും. സര്‍വേയുടെ നടത്തിപ്പിന് മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും മൊബൈല്‍ ആപ്പും ഉപയോഗിക്കും. ഓരോ പ്രദേശത്തെയും അതി ദാരിദ്ര്യ വിഭാഗത്തിലുള്ളവരെ അതാത് ഗ്രാമ, വാര്‍ഡ് സഭകള്‍ അംഗീകരിച്ച് ശേഷമാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുക.
അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, അതിജീവനത്തിനുള്ള വരുമാനം തുടങ്ങിയ ഘടകങ്ങളിലൂന്നിയുള്ള മാനദണ്ഡങ്ങളിലൂടെയാവും കുടുംബങ്ങളെ തിട്ടപ്പെടുത്തുക. അറുപത് വയസുകഴിഞ്ഞ വയോധികരുള്ള കുടുംബങ്ങള്‍, ഒരു വരുമാനവും ഇല്ലാത്തവര്‍, ഗുരുതരമായ രോഗങ്ങള്‍ പിടിപെട്ട കിടപ്പുരോഗികളുള്ള കുടുംബങ്ങള്‍, അനാഥരായ കുട്ടികളുള്ള കുടുംബങ്ങള്‍, ഭിന്നശേഷി വ്യക്തിത്വങ്ങളുള്ള പ്രത്യേക വരുമാനമില്ലാത്ത കുടുംബങ്ങള്‍, കേരളത്തില്‍ സ്ഥിരതാമസമാക്കിയ വരുമാനമില്ലാത്ത അതിഥി തൊഴിലാളി കുടുംബങ്ങള്‍ തുടങ്ങി വിവിധ തലങ്ങളിലുള്ള, ദാരിദ്ര്യത്താല്‍ വിഷമിക്കുന്നവരെ കണ്ടെത്തി അവരുടെ ജീവിതത്തെ കരുത്തുറ്റതാക്കി മാറ്റാന്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടിയിലൂടെ സാധിക്കും. പട്ടികജാതിപട്ടിവര്‍ഗ, മത്സ്യ തൊഴിലാളി, നഗര പ്രദേശങ്ങളിലെ ദരിദ്രര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന സര്‍വേയിലുണ്ടാവും.

