ഋഷിതുല്യമായ ജീവിതം; ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി

Update: 2021-07-12 04:57 GMT

തിരുവനന്തപുരം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

സാധാരണക്കാരില്‍ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി എന്നും മുന്നിലുണ്ടായിരുന്നു. സ്ത്രീകളെ സഭാ ഭരണത്തിന്റെ വേദിയില്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. ലഹരി ഉപയോഗത്തിനെതിരെയുള്ള ബാവയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. കേരളത്തില്‍ സഭയിലും സമൂഹത്തിലും സമാധാനം പുലര്‍ത്താന്‍ നിലകൊണ്ടു. സഭയുടെ താല്‍പര്യമായിരുന്നു എന്നും ബാവ ഉയര്‍ത്തിപ്പിടിച്ചത്. ലോകത്താകെയുള്ള ഓര്‍ത്തഡോക്‌സ് സഭകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം മുഖ്യപങ്കുവഹിച്ചു.

ഋഷിതുല്യമായ ജീവിതം നയിച്ച ബാവാ തിരുമേനിയുടെ നിര്യാണം സമൂഹത്തിനാകെ വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ വേര്‍പാടിലൂടെ വിശ്വാസത്തിനും വിശ്വാസികള്‍ക്കും വേണ്ടി നിലകൊണ്ട ആത്മീയ ആചാര്യനെയാണ് കേരളത്തിന് നഷ്ടമായതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

മതനിരപേക്ഷതയുടെ വക്താവായിരുന്ന ബാവ ആലംബഹീനരേയും പാവപ്പെട്ടവരെയും സംരക്ഷിക്കുകയും അവര്‍ക്കുവേണ്ടി കാരുണ്യ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്ത മനുഷ്യസ്‌നേഹിയായിരുന്നു. നാട്യങ്ങളില്ലാത്ത ലളിതമായ ജീവിതശൈലി ആയിരുന്നു അദ്ദേഹത്തിന്റെത്. ഇടവക ഭരണത്തില്‍ സ്ത്രീകള്‍ക്ക് പ്രാധിനിത്യം നല്‍കി സമത്വം എന്ന ആശയം നടപ്പാക്കി എന്നതാണ് അദ്ദേഹത്തിന്റെ ഭരണപരിഷ്‌കാരങ്ങളില്‍ പ്രധാനം. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനവും പങ്ക്‌ചേരുന്നു.

രമേശ് ചെന്നിത്തല


മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്റെ ദേഹവിയോഗത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു. ഓര്‍ത്തഡോക്‌സ് സഭാവിശ്വാസികളെ മുന്നോട്ടു നയിക്കുന്നതില്‍ പരമാദ്ധ്യക്ഷനെന്ന നിലയില്‍ പ്രശംസാര്‍ഹമായ നേതൃത്വമാണ് തിരുമേനി നല്‍കിയിട്ടുള്ളത്. ആത്മീയജീവിതത്തിന്റെ മാതൃകയായി നിലകൊള്ളാന്‍ അദ്ദേഹത്തിനു സാധിച്ചു. പാവപ്പെട്ടവരുടെയും നിരാശ്രയരുടെയും അത്താണിയായിരുന്നു തിരുമേനി. ആത്മീയനേതാവായിരിക്കുമ്പോഴും മതേതരത്വത്തിനുവേണ്ടി അദ്ദേഹം നിലകൊണ്ടു. തിരുമേനിയുടെ വേര്‍പാട് സഭയ്ക്കു മാത്രമല്ല, പൊതുസമൂഹത്തിനും വലിയ നഷ്ടമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

സഹജീവി സ്‌നേഹത്തിലധിഷ്ഠിതമായ ആധ്യാത്മിക ശുശ്രൂഷയായിരുന്നു മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്താമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മുഖമുദ്രയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ആധ്യാത്മികരംഗത്ത് നേതൃത്വപരമായ പങ്കുവഹിച്ചതിനൊപ്പം പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും സഹായകരമായ നിരവധി പദ്ധതികള്‍ നടപ്പാക്കി. കാന്‍സര്‍ രോഗികള്‍ക്കുള്ള സ്‌നേഹസ്പര്‍ശം പദ്ധതിയിലൂടെ അനേകര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി. നൂറു കോടി ചെലവിട്ട് നിര്‍മിച്ച പരുമല കാന്‍സര്‍ സെന്റര്‍ തിരുമേനിയുടെ ഇച്ഛാശക്തിയിലൂടെയാണ് യാഥാര്‍ത്ഥ്യമായത്. അര്‍ബുദബാധിതനായ തിരുമേനി വിദേശ ചികിത്സയ്ക്ക് തയാറാകാതെ പരുമല ആശുപത്രിക്കപ്പുറം ഒരു ചികിത്സ വേണ്ടെന്ന നിലപാടെടുത്തു.

മദ്യത്തിനും മയക്കുമരുന്നിനുമെതിരേ നിരവധി കര്‍മപദ്ധതികള്‍ നടപ്പാക്കി. സ്ത്രീകള്‍ക്ക് പള്ളി ഭരണത്തിലും സഭാ ഭരണത്തിലും നിര്‍ണായക പങ്കുനല്കിയെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.


Tags:    

Similar News