മഹാനടന്‍ നെടുമുടി വേണുവിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ആയിരങ്ങള്‍; സംസ്‌കാരം ഉച്ചയ്ക്ക് രണ്ടിന്

നെടുമുടിയുടെ മരണം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്ന് മമ്മൂട്ടി; ജ്യേഷ്ട സഹോദരനെക്കാള്‍ ഉയര്‍ന്ന പദവിയാണ് നെടുമുടി വേണുവിന് തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നതെന്ന് മോഹന്‍ലാലും പറഞ്ഞു. സംസ്‌കാരം ഉച്ചയ്ക്ക് രണ്ടിന് ശാന്തികവാടത്തില്‍ നടക്കും

Update: 2021-10-12 07:35 GMT

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടന്‍ നെടുമുടി വേണുവിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ആയിരങ്ങള്‍. ഇന്നലെ രാത്രി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ 'തമ്പിലും പൊതുദര്‍ശനത്തിന് വച്ച മഹാത്മ അയ്യന്‍ കാളി ഹാളിലും നിരവധിപേരാണ് പ്രിയനടനെ അവസാനമായി ഒരു നോക്കുകാണാനെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, സിനിമാ-നാടക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ മഹാത്മ അയ്യാന്‍ കാളി ഹാളില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. നേരത്തെ കുണ്ടുമണ്‍ കടവിലെ അദ്ദേഹത്തിന്റെ വസതിയില്‍ നിരവധി പേര്‍ എത്തിയിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള പ്രമുഖര്‍ രാത്രി വൈകി തമ്പിലെത്തി പ്രിയനടന് ആദരാഞ്ജലിയര്‍പ്പിച്ചു. നെടുമുടിയുടെ മരണം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്ന് മമ്മൂട്ടി പ്രതികരിച്ചു. ജ്യേഷ്ട സഹോദരനെക്കാള്‍ ഉയര്‍ന്ന പദവിയാണ് നെടുമുടി വേണുവിന് തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഉച്ചയ്ക്ക് രണ്ടിന് ശാന്തികവാടത്തില്‍ സംസ്‌കാരം നടക്കും.

നെടുമുടി വേണുവിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. നെടുമുടി വേണുവിന്റെ വിയോഗം സിനിമയുടെയും സംസ്‌കാരത്തിന്റെയും ലോകത്തിന് കനത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും അനുശോചനമറിയിക്കുന്നെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.


Tags: