ഏഷ്യയിലെ ഏറ്റവും വലിയ കാന്‍സര്‍ ചികില്‍സാലയമാക്കി ആര്‍സിസിയെ മാറ്റി; ഡോ. കൃഷ്ണന്‍ നായരെ അനുശോചിച്ച് മന്ത്രി വി ശിവന്‍കുട്ടി

കമ്മ്യൂണിറ്റി ഓങ്കോളജി, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍, പീഡിയാട്രിക് ഓങ്കോളജി എന്നിവയില്‍ രാജ്യത്ത് ആദ്യമായി ചികിത്സാ പദ്ധതികള്‍ ആരംഭിക്കുന്നതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്

Update: 2021-10-28 05:14 GMT

തിരുവനന്തപുരം: പ്രഥമ ആര്‍സിസി ഡയക്ടര്‍ പദ്മശ്രീ ഡോ. എം കൃഷ്ണന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി വി ശിവന്‍കുട്ടി.

അര്‍ബുദ രോഗ വിദഗ്ധന്‍ പദ്മശ്രീ ഡോ. എം കൃഷ്ണന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാന്‍സര്‍ ചികിത്സാ ഗവേഷണ സെന്ററുകളില്‍ ഒന്നായി തിരുവനന്തപുരം ആര്‍സിസിയെ മാറ്റിയെടുക്കുന്നതില്‍ സ്ഥാപക ഡയറക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നുവെന്നും മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വ്യാഴ്യാഴ്ച പുലര്‍ച്ചെ നാലിന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. ആര്‍സിസിയുടെ സ്ഥാപക ഡയറക്ടറായിരുന്ന അദ്ദേഹം രാജ്യത്തെ തന്നെ മികച്ച ക്യാന്‍സര്‍ ചികിത്സാ കേന്ദ്രമായി ആര്‍സിസിയെ ഉയര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. കമ്മ്യൂണിറ്റി ഓങ്കോളജി, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍, പീഡിയാട്രിക് ഓങ്കോളജി എന്നിവയില്‍ രാജ്യത്ത് ആദ്യമായി ചികിത്സാ പദ്ധതികള്‍ ആരംഭിക്കുന്നതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. പത്തു വര്‍ഷത്തിലേറെ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ ഉപദേശക സമിതിയില്‍ സേവനമനുഷ്ടിച്ചു. 2001ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. സംസ്‌കാരം തിരുവനന്തപുരം ശാന്തി കവാടത്തില്‍ ഇന്ന് ഉച്ചയ്ക്ക് നടക്കും.

Tags: